വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി; പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ്
Mail This Article
മുംബൈ∙ വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികള്‍ക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പൊലീസ്. ഗോന്തിയ ജില്ലയിലെ 35കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പൊലീസ് സ്‌പെഷൽ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. 2021ൽ ഒരു കേസിൽ അറസ്റ്റിലായ ഇയാൾ തീവ്രവാദത്തെപ്പറ്റി പുസ്തകമെഴുതിയിട്ടുണ്ടെന്നാണ് വിവരം.
ജഗദീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വ്യാജസന്ദേശങ്ങളടങ്ങിയ ഇമെയിലുകള്‍ വന്നത് ഉയ്‌ക്കെയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
പ്രധാനമന്ത്രിയുടെ ഓഫിസ്, എയര്‍ലൈന്‍ ഓഫിസുകള്‍ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലേക്കും റെയില്‍വെ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, ഡിജിപി, ആര്‍പിഎഫ് എന്നിവര്‍ക്കും ജഗദിഷ് ഉയ്‌ക്കെ ഭീഷണി ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 28 വരെയുള്ള 15 ദിവസങ്ങളില്‍ മാത്രം 410 വിമാനങ്ങള്‍ക്കാണ് ഇന്ത്യയില്‍ വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്.