‘പടക്കം പൊട്ടിക്കുന്ന സ്ഥലം മാറ്റിയത് അനാസ്ഥയായി തോന്നി; സിനിമയിലെ സ്ഫോടനരംഗം പോലെ’
Mail This Article
നീലേശ്വരം∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് മാലപ്പടക്കം പൊട്ടിച്ചത് മുൻവർഷങ്ങളിൽ പൊട്ടിച്ചിരുന്ന സ്ഥലത്തല്ലെന്ന് സ്ഫോടനത്തിൽ പരുക്കേറ്റ നാട്ടുകാരനായ രാമചന്ദ്രൻ. ഇന്നു കത്തിക്കേണ്ട നാടൻ പടക്കത്തിലേക്ക് മാലപ്പടക്കിൽനിന്ന് തീപ്പൊരി വീണാണ് സ്ഫോടനം ഉണ്ടായതെന്നാണ് കരുതുന്നത്.
‘‘സാധാരണ ക്ഷേത്രത്തിന്റെ പുറകു വശത്താണ് പടക്കം പൊട്ടിക്കുന്നത്. ഇത്തവണ സ്ഥലം മാറ്റിയത് ആദ്യമേ അനാസ്ഥയായി തോന്നിയിരുന്നു. ഇത്ര അടുത്ത് പടക്കം പൊട്ടിക്കുന്നത് എന്തിനെന്ന് ചോദിച്ചിരുന്നു. വലിയ ശബ്ദമാണ് കേട്ടത്. സിനിമയിലെ സ്ഫോടനരംഗം പോലെയായിരുന്നു. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കയ്യിലാണ് പരുക്കേറ്റത്.’’–രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
‘‘എല്ലാവരെയും സ്വകാര്യ വാഹനങ്ങളിൽ വേഗം ആശുപത്രിയിലാക്കി. കാസർകോട് നല്ല ആശുപത്രിയില്ല. എല്ലാവരും ആശ്രയിക്കുന്നത് മംഗലാപുരത്താണ്. സ്തീകളുടെ മുടി കത്തി. പലരുടെയും ദേഹത്തെ തൊലി ഇളകി മാറി. സാധാരണ കാവിന്റെ ഭാഗത്തുനിന്നാണ് വെടിക്കെട്ട്. അവിടെ ആളുകൾ നിൽക്കാറില്ല. ഇത്തവണ സ്ഥലം മാറ്റിയാണ് പടക്കം കത്തിച്ചത്. തോറ്റത്തിന് മാലപ്പടക്കാണ് പൊട്ടിച്ചത്. അതിൽനിന്ന് തീപ്പൊരി വീണതെന്നാണ് കരുതുന്നത്.’’–ദൃക്സാക്ഷികൾ പറയുന്നു.
‘‘വേദനാജനകമായ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. 1500 പേർ ഇന്നലെ ഉത്സവത്തിൽ പങ്കെടുത്തു. ഇന്ന് പതിനായിരത്തോളം പേർ പങ്കെടുക്കാനുള്ളതായിരുന്നു.’’– രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. തെയ്യക്കാലം തുടങ്ങുന്നത് ഈ ക്ഷേത്രത്തിൽനിന്നാണ്. ചാമുണ്ഡി ക്ഷേത്രമാണ്. നൂറുകണക്കിന് ആളുകൾ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. വെടിക്കെട്ട് ക്ഷേത്രത്തിൽ പതിവുള്ളതാണ്.