ADVERTISEMENT

കൊല്ലം ∙ കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായത് കൊല്ലം പുറ്റിങ്ങലിലാണ്. 2016 ഏപ്രിൽ പത്തിനു പുലർച്ചെ 3.17 നാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം ഉണ്ടായത്. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉൽസവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണു കൊല്ലപ്പെട്ടത്. 1990ൽ കൊല്ലം മലനടയിൽ ദുര്യോധന ക്ഷേത്രോത്സത്തിനിടെ വെടിക്കെട്ട് ശാലയ്ക്ക് തീപിടിച്ച് 33 മരണമുണ്ടായതാണ് രണ്ടാമത്തെ വലിയ വെടിക്കെട്ട് അപകടം.

പുറ്റിങ്ങൽ ദുരന്തത്തിൽ എഴുന്നൂറിലേറെപ്പേർക്കു പരുക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നീ കരാറുകാർ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം അപ്പാടെ തകർന്നു. ഇതിന്റെ കോൺക്രീറ്റും ഇരുമ്പു കമ്പികളും പതിച്ചാണ് അനവധി പേർ മരിച്ചത്. അപകടത്തിൽപ്പെട്ട മിക്കവരുടെയും ശരീരങ്ങൾ ഛിന്നഭിന്നമായി. ദുരന്തത്തെ സംസ്ഥാന സർക്കാർ പിന്നീട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

പിഡബ്ല്യുഡി ബിൽഡിങ്സ് വിഭാഗത്തിനായിരുന്നു നാശനഷ്ടം വിലയിരുത്താനുള്ള ചുമതല. 5000 രൂപ മുതൽ 35 ലക്ഷം രൂപ വരെ ഇവർ നഷ്ടപരിഹാരം തിട്ടപ്പെടുത്തി. വെടിക്കെട്ട് അപകടം അന്വേഷിച്ച ക്രൈംബ്രാഞ്ച് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 15 പേര്‍ ഉള്‍പ്പെടെ 59 പ്രതികള്‍ക്ക് എതിരെ കുറ്റപത്രം സമർപിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 533 പേജുള്ള കുറ്റപത്രത്തില്‍ 1417 സാക്ഷികളും 1611 രേഖകളും 376 മുതലുകളുമാണ് ഉള്‍പ്പെടുത്തിയിരുന്നത്.

English Summary:

Puttingal Temple Tragedy: A Reminder of the Devastating Consequences of Fireworks Accidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com