ADVERTISEMENT

താമരശ്ശേരി∙ ചുരത്തിലെ വളവുകളിലെ കുഴികൾ നികത്തുന്ന പണി ആരംഭിച്ചതോടെ പെരുവഴിയിൽ കുടുങ്ങി യാത്രക്കാർ. ഇന്ന് പതിനൊന്നരയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിട്ടും തുടരുകയാണ്. 6,7,8 വളവുകളിലെ കുഴികളാണ് നികത്തുന്നത്. വാഹനങ്ങൾ കടത്തിവിടുന്നതിനോ തടയുന്നതിനോ യാതൊരു ക്രമീകരണങ്ങളും ഇല്ലാതിരുന്നതിനാൽ മൂന്ന് മണിക്കൂറോളമാണ് യാത്രക്കാർ ചുരത്തിൽ കിടന്നത്. നൂറുകണക്കിന് വാഹനങ്ങളിലായി ആയിരക്കണക്കിന് യാത്രക്കാർക്ക് പൊരിവെയിലത്ത് റോഡിൽ കിടക്കേണ്ടി വന്നു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കണ്ടെയ്നർ ലോറി ഉൾപ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെ ചുരം കയറി. ഇതോടെ ടാർ ചെയ്ത ചില സ്ഥലങ്ങൾ പൊളിയുകയായിരുന്നു. ഈങ്ങാപ്പുഴയിൽ പ്രിയങ്ക ഗാന്ധിയു‌ടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതു കടന്നെത്തിയവരാണ് ചുരത്തിലെ കുരുക്കിൽ കുടുങ്ങിയത്.

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച  ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചിരുന്നു. എന്നാൽ തടിലോറികൾ ഉൾപ്പെടെ നിർബാധം ചുരം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ആംബുലൻസുകളുൾപ്പെടെ ചുരത്തിൽ കുടുങ്ങിക്കിടന്നു. ഈ മാസം 7 മുതല്‍ 11 വരെ നിർമാണം നടത്താനായിരുന്നു തീരുമാനം. പക്ഷേ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ടാറിങ് ജോലികൾ ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ന് മുതൽ നിർമാണം തുടങ്ങുകയായിരുന്നു. 

മൂന്നു വളവുകളിലാണ് മഴക്കാലത്ത് വലിയ കുഴികൾ രൂപപ്പെട്ടത്. ചരക്കുലോറികൾ ഉൾപ്പെടെ കുഴിയിൽ കുടുങ്ങുകയും മറിയുകയും ചെയ്തു.  ഇതോടെയാണ് അടിയന്തരമായി കുഴിയടയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ മഴ തുടർന്നതിനാൽ പണി നടന്നില്ല. പണി ആരംഭിച്ചപ്പോൾ യാത്ര കൂടുതൽ ദുരിതത്തിലായി. റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകേണ്ടവരും ചുരത്തിൽ കുടുങ്ങി. കെഎസ്ആർടിസിയുടെ നിരവധി ട്രിപ്പുകളും റദ്ദാക്കേണ്ടി വന്നു. 

ഇത്രയും തിരക്കുള്ള റോഡിൽ യാതൊരു ആസൂത്രണവും ഇല്ലാതെയാണ് നിർമാണം ആരംഭിച്ചതെന്ന് ബസ് യാത്രക്കാരനായ മൊയ്തു പറഞ്ഞു. യാത്രക്കാരെ പെരുവഴിയിൽ കിടത്താതെ പണി രാത്രിയിൽ ചെയ്തു തീർക്കാമായിരുന്നു. അല്ലെങ്കിൽ ഗതാഗതം നിയന്ത്രിക്കാനെങ്കിലും സംവിധാനം ഒരുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഗതാഗതം നിയന്ത്രിക്കുന്ന കാര്യത്തിൽ പിഴവ് പറ്റിയെന്ന് ദേശീയ പാതാ അസിസ്റ്റന്റ് എൻജിനീയർ സലീം അറിയിച്ചു. ഗാതഗതം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൊലീസുൾപ്പെടെ ബന്ധപ്പെട്ടവർക്ക് കത്തുനൽകി. എന്നാൽ കാര്യമായ സഹകരണം ഉണ്ടായില്ല. വൈകുന്നേരങ്ങളിലും രാത്രിയിലും മഴ പെയ്യുന്നതിനാലാണ് പകൽ സമയത്ത് ടാറിങ് നടത്താൻ തീരുമാനിച്ചത്. ഒന്നാം ഘട്ട ടാറിങ് നടത്തി വലിയ കുഴികൾ അടിയന്തരമായി അടയ്ക്കുകയാണ് ചെയ്തത്. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ രാത്രിയിലായിരിക്കും നിർമാണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Chaos on the Wayanad Pass: Road Works Strand Hundreds in Massive Traffic Jam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com