ടി.എം.കൃഷ്ണയ്ക്ക് പുരസ്കാരം: ‘എതിർപ്പ് മ്യൂസിക് അക്കാദമിയുടെ വാർഷികാഘോഷം മുടക്കാനല്ല’
Mail This Article
ചെന്നൈ∙ ടി.എം.കൃഷ്ണയ്ക്ക് സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം നൽകരുതെന്ന് ആവശ്യപ്പെടുന്ന തന്റെ ഹർജി, മ്യൂസിക് അക്കാദമിയുടെ വാർഷികാഘോഷം തടസ്സപ്പെടുത്താനല്ലെന്നു സുബ്ബലക്ഷ്മിയുടെ ചെറുമകൻ വി.ശ്രീനിവാസൻ ഹൈക്കോടതിയെ അറിയിച്ചു.
‘‘സുബ്ബലക്ഷ്മിയെ നിരന്തരം അപമാനിക്കുന്ന ഒരു വ്യക്തിക്ക് അവരുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിലെ തെറ്റാണു ചൂണ്ടിക്കാട്ടിയത്. അക്കാദമി ഭാരവാഹികൾ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണം. ആ പുരസ്കാരം നിരസിക്കാൻ ടി.എം.കൃഷ്ണ ധൈര്യം കാട്ടണമായിരുന്നു. ഗായികയെ അപമാനിക്കുകയും അവരുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ കാപട്യമാണ് അദ്ദേഹം കാണിക്കുന്നത്’’– അക്കാദമി സമർപ്പിച്ച സത്യവാങ്മൂലത്തിനു മറുപടിയായി ശ്രീനിവാസൻ കോടതിയെ അറിയിച്ചു. അതേസമയം, സുബ്ബലക്ഷ്മിയുടെ കുടുംബം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണു ടി.എം.കൃഷ്ണ പ്രതികരിച്ചത്.