‘വയനാട്ടിൽ യുഡിഎഫിനും എൻഡിഎയ്ക്കും ഡീലുണ്ട്; മലയാളം അറിയാവുന്ന എംപിയെയാണ് ആഗ്രഹിക്കുന്നത്’
Mail This Article
കൽപറ്റ ∙ മലയാളം അറിയാവുന്ന, മണ്ഡലത്തിലുണ്ടാകുന്ന ആളെ എംപിയായി കാണാനാണു വയനാട്ടുകാർ ആഗ്രഹിക്കുന്നതെന്നു വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. താൻ ജയിച്ചാലും തോറ്റാലും മണ്ഡലത്തിലുണ്ടാകുമെന്നും അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു.
‘‘2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിനാണു പരാജയപ്പെട്ടത്. യുഡിഎഫ് കുത്തക മണ്ഡലമല്ല വയനാട് എന്നതിന്റെ തെളിവായിരുന്നു അത്. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുന്ന എംപിയെയാണു വയനാട് പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം പർവതീകരിച്ചു കാണേണ്ടതില്ല. മറ്റെല്ലാവരെയും പോലെ രാജ്യത്തെ ഒരു പൗരയാണ് അവരും.
വയനാട്ടിൽ യുഡിഎഫും എൻഡിഎയും തമ്മിൽ ഡീലുണ്ട്. അതിന്റെ ഭാഗമായാണു വയനാട്ടുകാർക്ക് പരിചയമില്ലാത്ത, പുതുമുഖമായ നവ്യ ഹരിദാസിനെ സ്ഥാനാർഥിയായി നിർത്തിയത്. ബിജെപിക്കു കോടികൾ സംഭാവന നൽകുന്നയാളാണു പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‌ര. അതിൽ നിന്നുതന്നെ അവർ തമ്മിലുള്ള അന്തർധാര വ്യക്തമാണ്. അത്തരമൊരു അന്തർധാര വയനാട്ടിലും പ്രവർത്തിക്കുന്നുണ്ട്.
ദീർഘകാലം നിയമസഭയിൽ അംഗമായിരുന്നതിനാൽ ജനങ്ങൾക്കുവേണ്ടി എങ്ങനെ പ്രവർത്തിക്കണമെന്നു വ്യക്തമായ ബോധ്യമുണ്ട്. ഇത്തവണ ജയം ഉറപ്പാണെന്നും സത്യൻ മൊകേരി പറഞ്ഞു. തോട്ടം മേഖലകളിലുൾപ്പെടെയാണ് സത്യൻ മൊകേരി പ്രചാരണം നടത്തിയത്. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കാനാണ് ശ്രമം.