ADVERTISEMENT

തിരുവനന്തപുരം∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. എഡിഎം നിരപരാധിയാണെന്നും പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്ന കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയന്റെ മൊഴിയും റിപ്പോർട്ടിലുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും റിപ്പോര്‍ട്ടിൽ ഇല്ല. എന്താണ് പറ്റിയ തെറ്റെന്ന് കലക്ടർ നവീൻ ബാബുവിനോട് ചോദിക്കുകയോ അതിന് അദ്ദേഹം എന്തെങ്കിലും വിശദീകരണം നൽകുകയോ ഉണ്ടായിട്ടില്ല. 

കലക്ടർ എഴുതി തയാറാക്കിയ മൊഴിയാണ് ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്ക് നൽകിയത്. പി.പി.ദിവ്യയെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കലക്ടറുടെ മൊഴിയിൽ ആവർത്തിക്കുന്നു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നവീൻ ബാബുവിനെ യാത്രയയപ്പു ചടങ്ങിൽ ആക്ഷേപിക്കുന്ന വിഡിയോ മാധ്യമങ്ങൾക്കു കൈമാറിയതു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയാണെന്ന് എ.ഗീതയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ പകർത്തിയ ചാനൽ പ്രവർത്തകരിൽനിന്നു ജോയിന്റ് കമ്മിഷണർ വിവരങ്ങളും ദൃശ്യങ്ങളുടെ പകർപ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ അവരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിട്ടില്ല.

യാത്രയയപ്പുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ജോയിന്റ് കമ്മിഷണറോടു നിഷേധിച്ചിട്ടുണ്ട്. 14നു രാവിലെ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഉദ്ഘാടക ദിവ്യയും അധ്യക്ഷൻ കലക്ടറും ആയിരുന്നു. അവിടെവച്ച് യാത്രയയപ്പു ചടങ്ങിന്റെ സമയം ദിവ്യ ചോദിച്ചിരുന്നെന്നും നവീൻ ബാബുവിനെ വിടുതൽ ചെയ്യാൻ വൈകിയത് ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണെന്നുമുള്ള വിവരങ്ങളാണ് കലക്ടറുടെ വിശദീകരണത്തിൽ ഉള്ളതായി അറിയുന്നത്.

പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി.പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചതെന്ന് ഫയല്‍ പരിശോധനയിലും ജീവനക്കാരില്‍നിന്നു ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് വ്യക്തമായത്. മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു പറയുന്ന പ്രശാന്തില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പൊലീസ്, പൊതുമരാമത്ത്, അഗ്‌നിശമനസേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍ഒസി നല്‍കാനാവൂ എന്നതിനാല്‍ ഫയല്‍ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

English Summary:

ADM Naveen Babu's death inquiry report by Land Revenue Joint Commissioner handed over to Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com