ഒരു വയസ്സുകാരന്റെ മരണം ചികിത്സ വൈകിയതു മൂലമെന്ന് ബന്ധുക്കൾ; നിഷേധിച്ച് ആശുപത്രി അധികൃതർ
Mail This Article
ഒല്ലൂർ (തൃശൂർ) ∙ ചികിത്സ വൈകിയതു മൂലം ഒരുവയസ്സുകാരൻ മരിച്ചതായി ബന്ധുക്കളുടെ ആരോപണം. നടത്തറ കുംഭാര വീട്ടിൽ വിനുവിന്റെയും രാഗിയുടെയും മകൻ ദ്രിയാഷ് ആണ് മരിച്ചത്. പനിയും അപസ്മാരവും ബാധിച്ച കുട്ടിയെ വ്യാഴാഴ്ച വൈകിട്ട് ഒല്ലൂരിലെ വിൻസന്റ് ഡി പോൾ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് വീട്ടുകാർ ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് കുട്ടിയെ ഒല്ലൂരിലെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഗുരുതരവസ്ഥയിലായതിനെ തുടർന്ന് രാത്രി 10 നു തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ബന്ധുക്കൾ ഒല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് വിൻസന്റ് ഡി പോൾ ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ കുട്ടികളുടെ വിദഗ്ദ ഡോക്ടറാണ് പരിശോധിച്ചത്. ചികിത്സ തുടരുന്നതിനിടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയുടെ തന്നെ ആംബുലൻസിൽ 2 സ്റ്റാഫ് നഴ്സുമാരോടൊപ്പം തൃശൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു. ദ്രിയാഷിന്റെ സഹോദരങ്ങൾ: തീർഥ, തൃഷ്ണ.