‘കുഴൽപ്പണക്കേസ് ഒതുക്കിയതിനു പകരമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള കേസുകൾ കേന്ദ്രം ഒതുക്കുന്നത്’
Mail This Article
പാലക്കാട്∙ കൊടകര കുഴൽപ്പണക്കേസ് പൊലീസും സർക്കാരും ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കുഴൽപ്പണം കൊണ്ടുവന്ന ധർമരാജനെ ചോദ്യം ചെയ്തപ്പോൾ കർണാടകയിൽനിന്ന് 41 കോടി 40 ലക്ഷം രൂപ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പൊലീസിന് മൊഴി നൽകിയത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി ഗണേശ്, ഓഫിസ് സെക്രട്ടറി ഗീരിശൻ നായർ എന്നിവരുടെ നിർദേശത്തെത്തുടർന്നാണ് പണം കൊണ്ടുവന്നതെന്ന് ധർമരാജന്റെ മൊഴിയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ പണത്തിൽനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ മൂന്നരക്കോടി രൂപ മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്.
എന്നിട്ട് കേരള പൊലീസ് എന്തുചെയ്തു? പൊലീസ് അന്വേഷിച്ചു. പൊലീസിന് വിവരം കിട്ടുകയും ചെയ്തു. എന്നിട്ട് രണ്ടു കൂട്ടരും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. പൊലീസ് കത്തും പുറത്തുവിട്ടില്ല. മൂന്നുവർഷം കഴിഞ്ഞാണ് കത്ത് പുറത്തുവരുന്നത്. ഇതിനിടെ സുരേന്ദ്രനെതിരായി രാഷ്ട്രീയമായ ഒരു ആരോപണം പോലും സർക്കാരോ സിപിഎമ്മോ ഉന്നയിച്ചില്ല.
എല്ലാ കേസിലും അന്വേഷണം നടത്തുന്ന ഇ.ഡി. ഈ കേസിൽ അന്വേഷണം നടത്തിയിട്ടില്ല. കേന്ദ്രവും സംസ്ഥാനവും കേസ് ഒതുക്കിത്തീര്‍ക്കാൻ ഒത്തുകളിച്ചു. കുഴൽപ്പണക്കേസ് ഒതുക്കി തീർത്തതിനു പകരമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള കേസുകൾ കേന്ദ്രം ഒതുക്കിത്തീർക്കുന്നത്, എസ്എൻസി ലാവ്‌ലിൻ കേസ്, കരുവന്നൂർ കേസ്, സ്വർണക്കള്ളക്കടത്ത് കേസ് തുടങ്ങിയതെല്ലാം എവിടെയാണ് അവസാനിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.