ADVERTISEMENT

തൃശൂർ∙ കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫിസിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയെത്തിയത്. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ കേസ് ഗുരുതരമാണെന്നാണ് തെളിയിക്കുന്നതെന്നും കേസ് അന്വേഷണത്തിൽ ഇഡി ശ്രദ്ധിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

‘‘കൊടകര കുഴൽപ്പണ കേസ് എന്ന പേര് തന്നെ മാറ്റണം. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ പ്രകാരം ബിജെപി ഓഫിസിലേക്ക് 6 ചാക്കുകളിലായി തിരഞ്ഞെടുപ്പ് സാമഗ്രികൾ എത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും പറഞ്ഞുവെന്നാണ് പറയുന്നത്. രാത്രി ഓഫിസ് അടയ്ക്കരുതെന്നും ഇവർ ആവശ്യപ്പെട്ടുവെന്ന് സതീശ് പറയുന്നു, ബിജെപി ഓഫിസിലേക്ക് ചാക്കിൽ കെട്ടിയ കള്ളപ്പണം എത്തിച്ചത് . കേരളത്തിൽ ആകമാനം ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി കള്ളപ്പണം വിതരണം നടത്തിയിട്ടുണ്ട്. 41.6 കോടി രൂപയുടെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബിജെപി നേതൃത്വത്തിന് ഇതു സംബന്ധിച്ച് അറിവുണ്ട്. അഖിലേന്ത്യാ നേതൃത്വം അറിഞ്ഞാണ് പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ നേരിട്ടത്.’’ – എം.വി. ഗോവിന്ദൻ തുറന്നടിച്ചു.

‘‘കള്ളപ്പണം കേസ് അന്വേഷിക്കാൻ ഇഡിയ്ക്കാണ് സാധിക്കുക. പ്രതിപക്ഷത്തിന്റെ കേസ് മാത്രമാണ് ഇഡി അന്വേഷിക്കുക. ബിജെപി നിലപാടാണ് ഇഡിയ്ക്ക്. കേസിൽ സമഗ്ര അന്വേഷണം വേണം. കേരള പൊലീസ് അന്വേഷണം കൃത്യമായി നടത്തി ഇഡിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇഡി വിഷയത്തിൽ പിന്നീട് നടപടി സ്വീകരിച്ചിട്ടില്ല’’ എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അതേസമയം, തിരൂർ സതീശനെ സിപിഎം വിലയ്‌ക്കെടുത്തുവെന്ന ബിജെപി ആരോപണത്തിനും എം.വി. ഗോവിന്ദൻ മറുപടി നൽകി. ‘‘അമ്മാതിരി വർത്തമാനത്തിന് മറുപടിയില്ല. സുരേഷ്ഗോപിയുടെ വർത്തമാനം പോലെയുണ്ട്.’’, എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. നിലവിലെ തിരഞ്ഞെടുപ്പിനും ബിജെപി ഈ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

English Summary:

CPM's Govindan Alleges BJP Hawala Network in Kerala Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com