‘ഭാഷയുടെ കാര്യത്തിൽ നമ്മൾ യാഥാസ്ഥിതികർ; എഴുതുന്നതിലും കഴിക്കുന്നതിലും അടക്കം നിയന്ത്രണമുണ്ട്’
Mail This Article
കോഴിക്കോട്∙ പുതിയ തലമുറയെ വായനയിലേക്ക് ആകർഷിക്കണമെങ്കിൽ അവരുടെ കഥ കൂടി പറയണമെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. മലയാള മനോരമ ഹോർത്തൂസിൽ ‘പുതുക്കപ്പെടുന്ന നേവലിസ്റ്റ്’ എന്ന ചർച്ചയിൽ കെ.എസ്.രവികുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ എപ്പോഴും പഴയ കഥകളാണു പറയുന്നതെന്ന് മുകുന്ദൻ പറഞ്ഞു. ‘‘മറ്റു രാജ്യങ്ങളിലും ഭാഷകളിലും, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലും മറ്റും നോവലുകൾ പറയുന്നത് പുതിയ തലമുറയുടെ ജീവിതത്തെപ്പറ്റിയാണ്. അവർ പുതുതലമുറയുടെ ഭാഷയിലാണ് എഴുതുന്നത്. നമ്മൾ തെറി എന്നു കണക്കാക്കുന്ന വാക്കുകളടക്കം അവർ ഉപയോഗിക്കുന്നു അത്തരം വാക്കുകളെ തെറിയായല്ല കാണേണ്ടത്.
നമ്മൾ വളരെയധികം പുരോഗതി കൈവരിച്ചു എന്നു പറയുമ്പോഴും ഭാഷയുടെ കാര്യത്തിൽ ഇപ്പോഴും യാഥാസ്ഥിതികരാണ്. നമുക്കിപ്പോഴും ഭാഷ സ്വതന്ത്രമായി ഉപയോഗിക്കാൻ പറ്റില്ല. എന്ത് എഴുതണമെന്നും എന്തു കഴിക്കണം എന്നും അടക്കം പലപ്പോഴും നിയന്ത്രണങ്ങൾ വരുന്ന സാഹചര്യമുണ്ട്. പക്ഷേ, എനിക്ക് തോന്നുന്നത് അതിനെയൊക്കെ മറികടന്നു പുതിയ തലമുറയെപ്പറ്റി പുതിയ ഭാഷയിൽ എഴുതാൻ ആരെങ്കിലുമൊക്കെ മുന്നോട്ടുവരണമെന്നാണ്.’’ – മുകുന്ദൻ പറഞ്ഞു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/