‘ആപ് സബ്കി ആവാസ്’: മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു
Mail This Article
പട്ന ∙ മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് ‘ആപ് സബ്കി ആവാസ്’ (എഎസ്എ) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജനതാദൾ (യു) ദേശീയ അധ്യക്ഷനായിരുന്ന ആർ.സി.പി. സിങ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞു ബിജെപിയിൽ ചേർന്നിരുന്നു. നിതീഷ് കുമാർ ബിജെപിയുമായി സഖ്യം പുനഃസ്ഥാപിച്ചതോടെ ആർ.സി.പി.സിങിനു ബിജെപിയിൽ നിൽക്കക്കള്ളിയില്ലാതായി. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎസ്എ മൽസരിക്കുമെന്നും ആർ.സി.പി.സിങ് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായിരുന്ന ആർ.സി.പി സിങ് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. സിവിൽ സർവീസിൽ നിന്നു വിരമിച്ച ശേഷമാണു രാഷ്ട്രീയത്തിലിറങ്ങിയത്. നിതീഷ് കുമാറിനെ പോലെ ബിഹാറിലെ നളന്ദ സ്വദേശിയും കുർമി സമുദായാംഗവുമാണ് ആർ.സി.പി.സിങ്.