ADVERTISEMENT

ചെന്നൈ ∙ സർക്കാർ ബസിൽ യാത്ര ചെയ്തിരുന്ന മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ട സംഭവത്തിൽ തമിഴ്നാട് എസ്ഇടിസി (സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ) അന്വേഷണം ആരംഭിച്ചു. യുവതിയുടെ പരാതിയിലാണു നടപടി. ശ്രീപെരുംപുത്തൂരിലെ സ്വകാര്യ കോളജിൽ അധ്യാപികയായ കോഴിക്കോട് സ്വദേശിനിക്കാണു ദുരനുഭവം ഉണ്ടായത്.

ബെംഗളൂരുവിൽനിന്നു ചെന്നൈയിലേക്കുള്ള എസ്ഇടിസി ബസിൽ യാത്ര ചെയ്ത തന്നോടു തുടക്കം മുതൽ ജീവനക്കാർ മോശമായാണു പെരുമാറിയതെന്ന് യുവതി പറയുന്നു. 420 രൂപയാണു ടിക്കറ്റ് നിരക്കെങ്കിലും ചില്ലറയില്ലാത്തതിനാൽ 500 രൂപയാണു നൽകിയത്. എന്നാൽ കൃത്യം തുക വേണമെന്ന് ആവശ്യപ്പെട്ട് കണ്ടക്ടർ പരുഷമായി പെരുമാറി. അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറങ്ങാനാണ് ആവശ്യപ്പെട്ടത്. എന്നാൽ കോളജിനു സമീപം ഇറക്കണമെന്ന് തുടർച്ചയായി അഭ്യർഥിച്ചെങ്കിലും കണ്ടക്ടറും ഡ്രൈവറും സമ്മതിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.

വൈകിട്ട് 6 കഴിഞ്ഞാൽ സ്ത്രീകൾക്ക് ഒറ്റയ്ക്കു സുരക്ഷിതമായി നടക്കാൻ പറ്റാത്ത സ്ഥലത്താണ് അർധരാത്രി ഇറക്കിവിട്ടതെന്നും പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടം പോലെ ചെയ്തോ എന്നു പറഞ്ഞു െവല്ലുവിളിച്ചതായും യുവതി പറയുന്നു. ബസ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എസ്ഇടിസി എംഡി ആർ.മോഹൻ പറഞ്ഞു. രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കണമെന്ന് ജീവനക്കാർക്കു നിർദേശം നൽകിയതായും അറിയിച്ചു. ചില്ലറ പ്രശ്നം ഒഴിവാക്കുന്നതിന് യുപിഐ, കാർഡ് എന്നിവ ഉപയോഗിച്ചു ടിക്കറ്റ് എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

A female college lecturer traveling from Bengaluru to Chennai on a SETC bus has accused the conductor and driver of harassment and forcing her to disembark at an unsafe location in the middle of the night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com