‘സിൽവർലൈനിൽ കേന്ദ്രത്തിന്റെ മനംമാറ്റത്തിനു പിന്നില്‍ സിപിഎം-ബിജെപി അന്തര്‍ധാര; കൊള്ളയ്ക്കുള്ള അവസരം’
Mail This Article
കൽപ്പറ്റ ∙ ഇത്രയുംനാള്‍ സിൽവർലൈനിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേയുടെയും പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നില്‍ സിപിഎം-ബിജെപി അന്തര്‍ധാരയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരളത്തില്‍ ബിജെപിക്ക് ഒരു എംപിയെന്ന സ്വപ്നം യാഥാർഥ്യമാക്കി നല്‍കിയപ്പോള്‍ അതിനു നൽകുന്ന മറ്റൊരു പ്രത്യുപകാരമാണ് കെ–റെയില്‍. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സിപിഎമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന്‍ അവസരം ഒരുക്കുകയാണ് കേന്ദ്രം.
പാരിസ്ഥിതിക, സാങ്കേതിക പ്രശ്നം പരിഹരിച്ചാല്‍ കെ.റെയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചു. നിലവിലുള്ള പാതയുടെ നവീകരണവും സിഗ്‌നലിങ് ആധുനികവത്കരണവും വളവ് നികത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെയും അതിവേഗ ട്രെയിന്‍ ഗാതാഗതം സാധ്യമാണ്.
അതിനായി ശ്രമിക്കാതെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന കെ റെയില്‍ തന്നെ വേണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ കോടികളുടെ കമ്മിഷനും അഴിമതിക്കുള്ള സാധ്യതകളുമാണ്. നാടിനും ജനങ്ങള്‍ക്കും ദോഷകരമായ കെ റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്തുതോല്‍പ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.