ADVERTISEMENT

പാലക്കാട്∙ ശോഭാ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊടകര കുഴൽപണം സംബന്ധിച്ച ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശിന്റെ  വെളിപ്പെടുത്തലിനു പിന്നിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്നായിരുന്നു പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിക്കായി എത്തിച്ച മൂന്നരക്കോടി കൊടകരയിൽ കവർച്ച ചെയ്തെന്നാണ് കേസ്. ഇക്കാര്യത്തിൽ തുടരന്വേഷണം നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന എല്ലാ പ്രശ്നവും യുഡിഎഫും എൽഡിഎഫും ഉണ്ടാക്കിയതാണെന്നു സുരേന്ദ്രൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാൻ യുഡിഎഫും എൽഡിഎഫും  ഗൂഢാലോചന നടത്തുന്നു. അതിലേക്ക് ബിജെപി നേതാക്കളുടെ പേര് വഴിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യപരമാണ്. പാർട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശോഭാ സുരേന്ദ്രന്റെ പേരു പറഞ്ഞ് ഒരാഴ്ച കുളം കലക്കിയവർക്ക് നിരാശയുണ്ടാകും. ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമം നടക്കില്ല. ശോഭാ സുരേന്ദ്രന് ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് ആരു പറഞ്ഞാലും വിശ്വസിക്കില്ല. 

പൂരം നടക്കുന്നതിനിടെ പ്രശ്നമുണ്ടായ സ്ഥലത്തേക്ക് ആംബുലൻസിൽ സഞ്ചരിച്ചതിന് സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനുള്ള നീക്കം സർക്കാരിന്റെ ഭീരുത്വമാണ്. അക്രമ സ്ഥലത്തേക്ക് പോകാന്‍ സ്ഥാനാർഥിക്ക് വിലക്കില്ല. ഇതു പരിഹാസ്യമായ നിലപാടാണ്. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടും. ബിജെപിയുടെ ശക്തി എന്താണെന്ന് പിണറായി വിജയന് മനസ്സിലായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സിൽവർലൈന്‍ പദ്ധതി‌ നടപ്പിലാക്കുമെന്ന് ആരും കരുതേണ്ടെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അപ്പക്കച്ചവടം സിൽവർലൈൻ വഴി നടക്കില്ല. പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

K. Surendran Defends Shobha Surendran, Blasts UDF-LDF over Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com