‘ഇടതുനയം അംഗീകരിക്കുന്ന ആരേയും സ്വീകരിക്കും’: സന്ദീപിനെ സ്വാഗതം ചെയ്ത് എം.വി.ഗോവിന്ദൻ
Mail This Article
കൽപറ്റ∙ ബിജെപി നേതാവ് സന്ദീപ് വാരിയർ ഇടതു നയം സ്വീകരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനോടൊപ്പം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപുമായി താൻ നേരിട്ട് സംസാരിച്ചിട്ടില്ല. ആരെങ്കിലും സംസാരിച്ചോ എന്നറിയില്ല. സിപിഎമ്മിലേക്ക് ആളെ എടുക്കുക എളുപ്പമല്ല. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. പാലക്കാട് യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റിലും എൽഡിഎഫ് ജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സരിനെപ്പോലെയല്ല സന്ദീപ്. സരിൻ ഇടതു നയം അംഗീകരിച്ചു വന്നയാളാണ്. ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും. പാർട്ടിയുടെ ദേശീയ നയം ചർച്ച ചെയ്യുന്നതേയുള്ളൂ. മധുര പാർട്ടി കോൺഗ്രസിലായിരിക്കും നയം പ്രസിദ്ധീകരിക്കുക. മറ്റു തീരുമാനമൊന്നും എടുത്തതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ വ്യക്തമാക്കിയിരുന്നു. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിനെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് സന്ദീപിനെ സ്വാഗതം ചെയ്യുന്ന നിലപാടിലേക്ക് എൽഡിഎഫ് നീങ്ങിയത്.