ഇത് അമേരിക്കയുടെ സുവർണയുഗം: വോട്ടർമാർക്ക് നന്ദി പറഞ്ഞ് ട്രംപ്, ഹർഷാരവത്തോടെ അണികൾ
Mail This Article
ഫ്ലോറിഡ∙ ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചതെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. വോട്ടർമാർക്കു നന്ദി പറഞ്ഞ ട്രംപ് ഇതു ചരിത്ര വിജയമാണെന്നും കൂട്ടിച്ചേർത്തു. ഫ്ളോറിഡയിൽ അണികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്. സ്വിങ് സീറ്റുകളിലുൾപ്പെടെ മികച്ച വിജയം നേടി അധികാരത്തിലേക്കു നീങ്ങുന്ന ട്രംപിനെ ഹർഷാരവത്തോടെയാണ് അണികൾ സ്വീകരിച്ചത്.
‘‘ഇത് അമേരിക്കയുടെ സുവർണയുഗമാണ്. അമേരിക്കൻ ജനതയെ സംബന്ധിച്ചിടത്തോളം ചരിത്ര വിജയമാണ്. നാം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ വിജയമാണിത്. അമേരിക്കൻ ജനതയ്ക്കു നന്ദി പറയുന്നു. ജീവിതത്തിലെ സുപ്രധാന ദിവസങ്ങളായി അമേരിക്കൻ ജനത ഇക്കാലത്തെ വിലയിരുത്തും’’ ട്രംപ് പറഞ്ഞു. കുടുംബത്തിനും ട്രംപ് നന്ദി അറിയിച്ചു. ഭാര്യ മെലനിയയെ ഫസ്റ്റ് ലേഡിയെന്നു വിശേഷിപ്പിച്ചാണ് ട്രംപ് അവർക്കു നന്ദി പറഞ്ഞത്.
യുഎസിന്റെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആണെന്നു പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് അദ്ദേഹത്തെ അഭിനന്ദിക്കുകയും പ്രസംഗിക്കാനായി വേദിയിലേക്കു ക്ഷണിക്കുകയും ചെയ്തു. ഔദ്യോഗികമായി വിജയ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.