ADVERTISEMENT

തൃശൂർ ∙ ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂരിലെ വ്യാപാരിയെ പെൺകെണിയിലാക്കി യുവതി തട്ടിയെടുത്തത് 2.5 കോടി. ഭർത്താവിന്റെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി (ഫാബി -38), ഭർത്താവ് പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്. സ്വന്തം അക്കൗണ്ടിലെ പണം തീർന്നതോടെ ഭാര്യയുടെ സ്വർണം പണയംവച്ചും ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപം പിൻവലിച്ചും വ്യാപാരി പണം നൽകി. ഭീഷണി തുടർന്ന സാഹചര്യത്തിൽ വ്യാപാരി പൊലീസിൽ പരാതി നൽകി. തുടർന്നായിരുന്നു അറസ്റ്റ്. ആഡംബരജീവിതത്തിനാണ് തട്ടിപ്പ് നടത്തിയത്.

2020ൽ വ്യാപാരിയെ വാട്സാപ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്. ഹോസ്റ്റൽ ഫീസിനും മറ്റുമെന്നും പറഞ്ഞ് വ്യാപാരിയിൽനിന്ന് കടം വാങ്ങിത്തുടങ്ങി. പിന്നീട് വിഡിയോ കോളുകളിലൂടെ നഗ്നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കുകയും ചാറ്റുകളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുകകൾ കൈപ്പറ്റാൻ തുടങ്ങുകയുമായിരുന്നു. 2.5 കോടി രൂപയോളം യുവതി ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് കൈമാറി. ഭീഷണി തുടരുകയും പണം നൽകാൻ വഴിയില്ലാതാകുകയും ചെയ്തതോടെയാണ് വ്യാപാരി വെസ്റ്റ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.

പ്രതിയുടെയും വ്യാപാരിയുടെയും ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളെപറ്റി അന്വേഷിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൊല്ലം പനയത്തെ അഷ്ടമുടിമുക്കിൽ ആഡംബര ജീവിതം നയിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. സ്വത്തുക്കളെകുറിച്ച് പൊലീസ് തെളിവുകൾ ശേഖരിക്കുന്നതു മനസ്സിലാക്കിയ പ്രതികൾ ഒളിവിൽ പോയി. ഇവർ വയനാട്ടിൽ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും അവിടെനിന്നു കടന്നുകളഞ്ഞു. പിന്നീട് അങ്കമാലിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

82 പവനോളം സ്വർണാഭരണങ്ങൾ, 2 ആഡംബര കാറുകൾ, 2 ജീപ്പുകൾ, ഒരു ബൈക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ 2 ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.സുധീഷ്കുമാർ, വെസ്റ്റ് എസ്ഐ സെസിൽ ക്രിസ്ത്യൻ രാജ്, എഎസ്ഐ പ്രീത്, സിപിഒമാരായ ദീപക്, ഹരീഷ്, അജിത്ത്, അഖിൽ വിഷ്ണു, നിരീക്ഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

English Summary:

couple arrested blackmailing thrissur trader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com