‘ഇന്നലെ വരെ കോണ്‍ഗ്രസ്, എന്തിന് സരിനെ സ്ഥാനാര്‍ഥിയാക്കി?’; സിപിഎം ഏരിയാ സമ്മേളനത്തിൽ വിമർശനം
Mail This Article
തിരുവനന്തപുരം∙ കോണ്‍ഗ്രസ് വിട്ടെത്തിയ പി.സരിനെ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെ സിപിഎം സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം. തിരുവനന്തപുരം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിലാണ് സരിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഇന്നലെ വരെ കോണ്‍ഗ്രസ് ആയിരുന്ന ആളെ എന്തിന് സ്ഥാനാര്‍ഥിയാക്കണമെന്ന് അംഗങ്ങള്‍ ചോദിച്ചു. പി.വി.അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയത് ഓര്‍ക്കണമായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടിയുടെ അടവുനയത്തിന്റെ ഭാഗമാണ് സരിന് സീറ്റ് നല്‍കാനുള്ള തീരുമാനമെന്ന് ജില്ലാ കമ്മിറ്റിക്കു വേണ്ടി കടകംപള്ളി സുരേന്ദ്രന് മറുപടി നല്കി. ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് എതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിനിധികള്‍ തുറന്നടിച്ചു. ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് വന്‍ ശമ്പളം നല്കി പുനര്‍ നിയമനം നല്‍കുന്നത് യുവാക്കള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിനിധികളില്‍ ചിലര്‍ പറഞ്ഞു.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് പേട്ട പൊലീസ് പിടികൂടിയ ഡിവൈഎഫ്ഐ നേതാക്കളെ സ്റ്റേഷനില്‍ നിന്ന് വിട്ടു കിട്ടാന്‍ ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ടിട്ടും തയാറാകാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകാത്തത് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എസ്എഫ്ഐയും ഡിവൈഎഫ്ഐയും സേവന പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഒരു ഏരിയ കമ്മിറ്റി അംഗത്തിന്റെ മകന്റെ പ്രവൃത്തികള്‍ പാര്‍ട്ടി പ്രവര്ത്തകന് ചേരാത്തതാണെന്ന് ഒരു പ്രതിനിധി പറഞ്ഞു.