ഫെമ ലംഘനം: ആമസോൺ, ഫ്ലിപ്‌കാർട്ട് ഓഫിസുകളിൽ രാജ്യവ്യാപകമായി ഇ.ഡി പരിശോധന
Mail This Article
മുംബൈ∙ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇ.ഡി പരിശോധന. ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളിലാണ് പരിശോധന നടന്നത്. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ബന്ധപ്പെട്ട് 2019 മുതൽ തന്നെ ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രാജ്യവ്യാപക പരിശോധന നടന്നതെന്ന് മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. ആമസോണും ഫ്ലിപ്‌കാർട്ടും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുത്ത വിൽപ്പനക്കാരെ മുൻനിർത്തി മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) നേരത്തെ കണ്ടെത്തിയിരുന്നു.
ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) അനുബന്ധ സംഘടനയായ ഡൽഹി വ്യാപാർ മഹാസംഘ്, നേരത്തെ പരാതി നൽകിയിരുന്നു. അതേസമയം, ബിജെപി നേതാവും ചാന്ദ്നി ചൗക്ക് എംപിയുമായ പ്രവീൺ ഖണ്ഡേൽവാൾ ഇ.ഡി പരിശോധനയെ സ്വാഗതം ചെയ്തു രംഗത്തെത്തി. ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പായി ഇ.ഡി പരിശോധനയെ ചെറുകിട വ്യാപാരികൾ നോക്കിക്കാണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവർക്ക് നേരത്തെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പിഴ നോട്ടിസ് നൽകിയിരുന്നു.