ADVERTISEMENT

പാലക്കാട്∙ പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിച്ച കെപിഎം റിജൻസി ഹോട്ടലിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് സിപിഎം കേന്ദ്രങ്ങൾ പുറത്തുവിട്ടത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് പോയ വാഹനത്തിൽ അല്ല രണ്ടു ട്രോളി ബാഗുകൾ കൊണ്ടുപോയതെന്നും ബാഗുകൾ മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയതെന്നുമുള്ള സിപിഎം വാദം സാധൂകരിക്കുന്ന തരത്തിലാണ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

രാഹുൽ സഞ്ചരിച്ച വാഹനത്തിന് പിന്നിലാണ് ബാഗുകൾ അടങ്ങിയ വാഹനം പോകുന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം വാദിക്കുന്നു. രാത്രി പത്തു മണിക്കാണ് രാഹുൽ ഹോട്ടലിലേക്ക് വരുന്നത്. പതിനൊന്നരയ്ക്ക് കോഴിക്കോട്ടേക്ക് പോയി. ഈ സമയം ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത രൂപത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ ചെറിയ വ്യക്തത കുറവുണ്ട്.

വന്നതും പോയതും വ്യത്യസ്ത വാഹനങ്ങളിലാണെന്ന വാദം സാധൂകരിക്കുന്നതിനൊപ്പം കോഴിക്കോട്ടേക്ക് പോയ രാഹുലിന്റെ ട്രോളി ബാഗിൽ എന്താണ് എന്നുള്ള ചോദ്യം പൊതുസമൂഹത്തിൽ ഉയർത്തുന്നതുമാണ് പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ സിപിഎം ഉദ്ദേശിക്കുന്നത്. റെയ്ഡ‍് ഹോട്ടലിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് രാഹുൽ തിരിച്ചുവന്നില്ലെന്നും സിപിഎം കേന്ദ്രങ്ങൾ ചോദിക്കുന്നുണ്ട്. പിന്നീട് മൂന്നു മണിക്കൂറിന് ശേഷം കോഴിക്കോട്ടുനിന്ന് രാഹുൽ ഫെയ്‌സ്ബുക് ലൈവ് വരികയും ചെയ്തിരുന്നു.

വസ്ത്രങ്ങളടങ്ങിയ ബാഗ് തന്റെ അനുയായിയായ ഫെനി കൊണ്ടുവന്നു എന്നാണ് രാഹുൽ പറഞ്ഞിരുന്നത്. ആ ട്രോളി ബാഗ് താൻ കോഴിക്കോട്ടേക്ക് കൊണ്ടുപോയെന്നും രാഹുൽ അവകാശപ്പെടുന്നുണ്ട്. താനോ ട്രോളി ബാഗോ തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിൽ കയറിയിട്ടില്ലെന്നും രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

English Summary:

Palakkad Raid: More CCTV Visuals from hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com