‘ഇരുട്ടിൽ മാത്രമേ നക്ഷത്രങ്ങൾ ശോഭിക്കൂ; തോൽവിയിൽ നിരാശരാവരുത്, പോരാട്ടം തുടരും’
Mail This Article
വാഷിങ്ടൻ∙ തിരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാസം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ കമല, തിരഞ്ഞെടുപ്പു പ്രചരണവേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പു ഫലം പുറത്തുവരവേ, ഡോണൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല.
‘ഇന്ന് എന്റെ മനസ്സും ഹൃദയവും അങ്ങേയറ്റം നിറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. നാം പ്രതീക്ഷിച്ചതോ നാം പോരാടിയതിന്റെയോ നാം വോട്ട് ചെയ്തതിന്റെയോ ഫലമല്ല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എന്നാൽ നാം തളരാത്ത കാലത്തോളം, പോരാടുന്ന കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം കെട്ടുപോകുകയില്ല. അതെന്നും ജ്വലിച്ചു നിൽക്കും.’– കമല പറഞ്ഞു. ഈ തിരഞ്ഞെടുപ്പു കാലത്ത് തന്നെ ചേർത്തു നിർത്തിയ കുടുംബത്തിനും പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പ്രവർത്തകർക്കും കമല നന്ദി അറിയിച്ചു. നടത്തിയ പോരാട്ടത്തിലും അത് നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേർത്തു.
‘‘വിവിധ ജനസമൂഹത്തെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു എന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. അതിൽ ഞാനും എന്റെ സംഘവും ഏറെ അഭിമാനിക്കുന്നു. രാജ്യത്തിന്റെ ശോഭനമായ ഭാവിയും അമേരിക്കയോടുള്ള സ്നേഹവുമാണ് തന്നെയും ഒപ്പമുള്ളവരെയും ചേർത്തുനിർത്തിയതും മുന്നോട്ടു നയിച്ചതും. തങ്ങളെ വേർതിരിക്കുന്നതിനേക്കാൾ കൂടുതൽ സാമ്യതകളുണ്ടെന്ന ജനത്തിന്റെ ധാരണയാണ് ഞങ്ങളുടെ പ്രചാരണത്തിന് ഊർജ്ജം പകർന്നത്. ഇപ്പോൾ, ഈ സമയം നിങ്ങളുടെ മനസ്സിലൂടെ എന്താണ് കടന്നു പോകുന്നതെന്ന് എനിക്ക് അറിയാം. എന്നാൽ തിരഞ്ഞെടുപ്പു ഫലം നാം അംഗീകരിച്ചേ മതിയാകൂ. ഞാൻ ട്രംപിനോട് സംസാരിക്കുകയും അദ്ദേഹത്തിന് വിശയാശംസകൾ നേരുകയും ചെയ്തു. സമാധാനപരമായ ഭരണ കൈമാറ്റത്തിന് തയാറാണെന്നും അറിയിച്ചു. തിരഞ്ഞെടുപ്പു ഫലം എന്തായാലും അത് അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിൽനിന്ന് വേർതിരിക്കുന്നത്.
നമ്മുടെ രാജ്യത്ത്, നാം ഒരു പ്രസിഡന്റിനോടോ പാർട്ടിയോടൊ അല്ല, മറിച്ച് ഭരണഘടനയോടാണ് വിശ്വാസ്യത പുലർത്തേണ്ടത്. മനസാക്ഷിയോടും ദൈവത്തോടും അത് തുടരുക. സ്വാതന്ത്ര്യത്തിനും അവസരത്തിനും ന്യായത്തിനും ജനങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനുമുള്ള പോരാട്ടം തുടരും. അമേരിക്കക്കാർക്ക് അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നേട്ടങ്ങളും എത്തിപ്പിടിക്കാനുള്ള ഭാവിക്കായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അമേരിക്കയിലെ സ്ത്രീകൾക്ക് ഭരണകൂടത്തിന്റെ ഇടപെടിലില്ലാത്തെ അവരുടെ ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവും തുടരും. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടം ഒരിക്കലും അവസാനിക്കുന്നില്ല. വോട്ടിങ് ബൂത്തിലും കോടതിയിലും പൊതു ഇടങ്ങളിലും അത് തുടരും.
ചിലപ്പോൾ ഈ പോരാട്ടങ്ങൾ അധികനാൾ നീണ്ടേക്കാം. എന്നാൽ നാം ഇതിൽ വിജയിക്കില്ലെന്ന് ഒരിക്കലും കരുതരുത്. നിങ്ങൾക്ക് അതിനുള്ള ശക്തിയുണ്ട്. ഒരിക്കലും പിൻമാറരുത്. ഇപ്പോൾ വിഷമവും നിരാശയും തോന്നിയേക്കാം, എന്നാൽ അതെല്ലാം വരുംനാളിൽ ശരിയാകും.
ഇരുട്ടിൽ മാത്രമേ നക്ഷത്രങ്ങൾ ശോഭിക്കൂ. നമ്മൾ ഇരുണ്ട കാലത്തേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. എന്നാൽ അത് അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം. കോടിക്കണക്കിനു വരുന്ന നക്ഷത്രങ്ങളെക്കൊണ്ട് ഈ ആകാശം നമുക്ക് പ്രകാശഭരിതമാക്കാം. സത്യത്തിന്റെയും സേവനത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും വെളിച്ചം എങ്ങും നിറയട്ടേ. അത് അമേരിക്കയെ മുന്നോട്ടു നയിക്കട്ടേ.’’– കമല പറഞ്ഞു.