സ്വകാര്യ ബസുകൾക്ക് 140 കി.മീ കൂടുതൽ ദൂരത്തിന് പെർമിറ്റ്: ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി
Mail This Article
തിരുവനന്തപുരം∙ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടിയ ദൂരത്തിനു പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്ന പുതിയ മോട്ടര്‍ വാഹന സ്കീമിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായി കെഎസ്ആര്‍ടിസി മുന്നോട്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കാന്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് നിര്‍ദേശം നല്കി. ദീര്‍ഘദൂര റൂട്ടുകളില്‍ പ്രീമിയം സൂപ്പര്‍ക്ലാസ് എസി ബസുകള്‍ ഇറക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കങ്ങള്‍ക്കാണ് ഹൈക്കോടതി വിധി തിരിച്ചടിയായത്.
കൂടുതല്‍ 'മിന്നല്‍' സര്‍വീസുകള്‍ തുടങ്ങാനും കെഎസ്ആര്‍ടിസി പദ്ധതിയിട്ടിരുന്നു. എറണാകുളം-കുമളി, എറണാകുളം-കോഴിക്കോട് തുടങ്ങി കെഎസ്ആര്‍ടിസിക്ക് ഏറ്റവും കൂടുതല്‍ വരുമാനമുള്ള റൂട്ടുകളില്‍ ഇനി സ്വകാര്യ ബസുകളില്‍നിന്ന് കടുത്ത മത്സരം കെഎസ്ആര്‍ടിസിക്കു നേരിടേണ്ടി വരും. വരുമാനത്തിന്റെ ഭൂരിഭാഗവും നല്‍കിയിരുന്ന 80 ശതമാനം ദീര്‍ഘദൂര ബസുകളും ഒടുന്ന പാതകളിലെ മുന്‍ഗണ നഷ്ടമായാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തും.
2023 മേയ് 3നു സര്‍ക്കാര്‍ അംഗീകാരം നല്കിയ പുതിയ മോട്ടര്‍ വാഹന സ്കീമിലെ വ്യവസ്ഥ ചോദ്യം ചെയ്ത്, ദീര്‍ഘദൂര സര്‍വീസുകാരായ സ്വകാര്യ ബസ് ഉടമകള്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ഉത്തരവ്. സ്കീം അന്തിമമാക്കിയ നടപടിക്രമത്തില്‍ അപാകതയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. 2020 സെപ്റ്റംബര്‍ 14നാണു സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്. നിയമ വ്യവസ്ഥ അനുസരിച്ച്, കരടിന്റെ പുറത്ത് കക്ഷികളുടെ അഭിപ്രായം കേട്ടെങ്കിലും ഇതൊന്നും പ്രതിപാദിക്കുകയോ നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്യാതെ അന്തിമ ഉത്തരവിറക്കിയത് അപാകതയാണെന്നു കോടതി ചൂണ്ടിക്കാട്ടി.
ദേശീയപാത, എംസി റോഡ്, സംസ്ഥാന പാതകള്‍ തുടങ്ങി 31 പ്രധാന റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് കുത്തക അനുവദിച്ച് സര്‍ക്കാര്‍ നല്കിയ നിയമപരിരക്ഷയെയും കോടതി വിധി ബാധിക്കും. അതേസമയം, കേസ് നടത്തിപ്പില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും വീഴ്ച പറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മോട്ടര്‍ വാഹന നിയമം സെക്ഷന്‍ 99 പ്രകാരം പുതിയ സ്കീമിന് കരട് ഇറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമവിജ്ഞാപനം ഇറങ്ങേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിലവിലെ സ്കീമിനെ സെക്ഷന്‍ 102 പ്രകാരം ഭേദഗതി ചെയ്യുകയായിരുന്നു. ഇതിനു സമയപരിധി പാലിക്കേണ്ടെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്.
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്കു 140 കിലോമീറ്ററിനപ്പുറം സര്‍വീസ് അനുവദിക്കേണ്ടതില്ലെന്നു ഗതാഗത വകുപ്പ് തീരുമാനമെടുത്തതോടെ പ്രതിസന്ധിയിലായ ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. 2017 മുതല്‍ ഇതു സംബന്ധിച്ചു സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും തര്‍ക്കങ്ങളും കേസുകളുമുണ്ട്.
140 കിലോമീറ്ററിലേറെ ദൂരമുള്ള റൂട്ടില്‍ 'സേവ്ഡ് പെര്‍മിറ്റ്' (ഒറിജിനല്‍ സ്കീം വന്ന 2009നു മുന്‍പുള്ള പെര്‍മിറ്റ്) ഉള്ളവര്‍ക്കു പോലും പെര്‍മിറ്റ് പുതുക്കാന്‍ കഴിയാത്തതിലായിരുന്നു പ്രധാന ആക്ഷേപം. ബസുടമകള്‍ നല്കിയ ആദ്യഘട്ട ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഇടപെടുകയും ദീര്‍ഘദൂര സര്‍വീസിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.