‘അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിക്കില്ല’: പീഡനക്കേസുകളിൽ നിർണായക ഉത്തരവ്
Mail This Article
ന്യൂഡൽഹി∙ ലൈംഗികാതിക്രമ കേസുകളിൽ അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. 2022ൽ രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിലുണ്ടായ ഒരു കേസ് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. കേസുമായി ബന്ധപ്പെട്ട രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി.
പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ പ്രതിയായ അധ്യാപകൻ പിന്നീട് അതിജീവിതയുടെ കുടുംബത്തിന്റെ പക്കൽ നിന്ന് പരാതിയില്ലെന്ന് എഴുതിവാങ്ങി. കേസ് തെറ്റിദ്ധാരണയുടെ പേരിൽ ഉണ്ടായതാണെന്നും നടപടിക്രമങ്ങൾ ഇനി ആവശ്യമില്ലെന്നും സ്റ്റാംപ് പേപ്പറിലാണ് എഴുതിവാങ്ങിയത്. ഇതു സ്വീകരിച്ച പൊലീസ് നടപടിക്രമങ്ങളെല്ലാം നിർത്തിവയ്ക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാൻ ഹൈക്കോടതിയും ഇതോടെ പ്രതിയായ അധ്യാപകനെ വെറുതെവിടുകയായിരുന്നു.
നടപടി ചോദ്യം ചെയ്ത്, രാംജി ലാൽ ബൈർവാ എന്ന സാമൂഹികപ്രവർത്തകൻ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്, സുപ്രധാനമായ നിരീക്ഷണമുണ്ടായത്. രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി, അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.