‘കൃഷ്ണകുമാറും ഭാര്യയും പാർട്ടി കയ്യിലൊതുക്കാൻ നോക്കുന്നു; ഞാൻ ബിജെപിക്കാരൻ, സിപിഐയിൽ ആകെ അറിയാവുന്നത് പന്ന്യന്‍ രവീന്ദ്രനെ’
Mail This Article
തിരുവനന്തപുരം∙ എന്റെ നിലപാടുകള്‍ക്കു ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് വലിയ തോതിലുള്ള പിന്തുണ കിട്ടുന്നെന്ന ആശങ്കയാണ് താന്‍ മറ്റു പാര്‍ട്ടികളിലേക്കു പോകുന്നെന്ന പ്രചാരണത്തിനു പിന്നിലെന്ന് ബിജെപി നേതാവ് സന്ദീപ് വാരിയര്‍.‘‘ആദ്യം സിപിഎമ്മിലേക്കു പോകുന്നെന്നായിരുന്നു പ്രചാരണം. ഇപ്പോള്‍ അതു മാറി സിപിഐ ആയിരിക്കുന്നു. എനിക്ക് അനുകൂലമായി പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അതിനെ നേരിടാനാണ് മറ്റു പാര്‍ട്ടിയിലേക്കു പോകുന്നെന്ന പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. ഞാന്‍ ബിജെപിയില്‍ തന്നെ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനാണ്, മറിച്ചുള്ള പ്രചാരണങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല.’’ - സന്ദീപ് മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
∙ സിപിഐയിലേക്കെന്ന പ്രചാരണം?
സിപിഐയിലെ ഒരു നേതാവുമായും സംസാരിച്ചിട്ടില്ല. മണ്ണാര്‍ക്കാട് പ്രാദേശിക നേതൃത്വത്തിലെ ആരെയും പരിചയമില്ല. സിപിഐയില്‍ ആകെ അറിയാവുന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന് മാത്രമാണ്. നാലു മാസം മുന്‍പ് നടത്തിയ ട്രെയിന്‍ യാത്രയില്‍ ഭാരതീയ ദര്‍ശനത്തെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചിരുന്നു. തൃശൂര്‍ക്കാരനായതിനാല്‍ മന്ത്രി കെ.രാജന്റെയും മുൻമന്ത്രി വി.എസ്. സുനില്‍കുമാറിന്റെയും പക്കല്‍ എന്റെ നമ്പര്‍ കാണാം. പക്ഷേ അവരാരുമായും സംസാരിച്ചിട്ടില്ല. ഞാന്‍ ഇപ്പോഴും ബിജെപിക്കാരനാണ്.
∙ ബിജെപിക്ക് ഏറെ നിര്‍ണായകമായ, ജയസാധ്യതയുളള പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, ഇത്രയേറെ പ്രവര്‍ത്തകരുടെ പിന്തുണയുള്ള താങ്കള്‍ വിയോജിപ്പ് പ്രകടിപ്പിക്കേണ്ട സാഹചര്യം എങ്ങനെ ഉണ്ടായി?
എന്നെ അവഹേളിക്കുകയും അപമാനിക്കുകയും ഇല്ലെന്ന എല്ലാ മുന്‍ധാരണകളെയും ലംഘിച്ചുകൊണ്ടു തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വീണ്ടും പ്രകോപനം ഉണ്ടായതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണം. എന്നിട്ടും ഞാന്‍ പ്രകോപനം ഒന്നും കൂടാതെ അഞ്ചു ദിവസത്തോളം പാര്‍ട്ടിയിലെയും ആര്‍എസ്എസിലെയും ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച് കാത്തിരുന്നു. ആറാം ദിവസമാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. സി.കൃഷ്ണകുമാറും അദ്ദേഹത്തിന്റെ പത്നിയും അടങ്ങുന്ന ഒരു സംഘം പാലക്കാട്ടെ ബിജെപിയെ കയ്യിൽ നിർത്താൻവേണ്ടി ഏറെ കാലമായി നടത്തുന്ന പരിശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. പി.രഘുനാഥ് അതിന്റെയൊരു ആയുധമാണ്. എന്നെ മാത്രമല്ല അവര്‍ ശോഭാ സുരേന്ദ്രന് ഉള്‍പ്പെടെ പലരെയും അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്.
∙ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടിട്ട് എന്തായിരുന്നു പ്രതികരണം?
നിലവിലുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടി വേദികളില്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. കെ.സുഭാഷ് സംഘടനാ സെക്രട്ടറി ആയിരുന്നപ്പോള്‍ കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടിരുന്നു. എന്നാല്‍ അദ്ദേഹം ആര്‍എസ്എസിലേക്കു തിരിച്ചുപോയതോടെ പ്രശ്നങ്ങള്‍ പറയാന്‍ ഒരിടമില്ലാതായി. ആര്‍എസ്എസ് നൂറാം വാര്‍ഷികം പ്രമാണിച്ചുള്ള സംഘടനാ വികാസത്തിന്റെ ഭാഗമായി ധാരാളം പ്രചാരകരെ തിരിച്ചുവിളിച്ചിട്ടുണ്ട്. ബിജെപിക്ക് അകത്ത് ഇപ്പോള്‍ ക്രൈസിസ് മാനേജ് ചെയ്യാന്‍ കഴിയുന്ന ആളില്ല. അതാണ് പ്രശ്നം. സുഭാഷ്ജി ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
∙ പാലക്കാട്ട് ശോഭാ സുരേന്ദ്രന് മത്സരിക്കണമെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നില്‍?
പാലക്കാട്ട് ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ മത്സരിച്ചാല്‍ ബിജെപിക്ക് അനായാസ ജയം ഉണ്ടാകുമായിരുന്നു എന്നുള്ളത് സാമാന്യയുക്തിയാണ്. അതു ഞാന്‍ പറഞ്ഞിരുന്നു. അതു പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മാത്രമല്ല ജനങ്ങളുടെ മുഴുവന്‍ വികാരമാണ്. നിലവിലെ സാഹചര്യത്തില്‍ നല്ല വാക്ചാതുരിയും രാഷ്ട്രീയബോധവുമുള്ള ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ വരുന്നതാണ് ബിജെപിക്കു നല്ലതെന്ന തരത്തില്‍ പാര്‍ട്ടിയോടുള്ള സ്നേഹത്തിന്റെ പേരിലാണ് അങ്ങനെ പറഞ്ഞത്. പാര്‍ട്ടിയുടെ ഏക എംഎല്‍എ ആയി ഒരാള്‍ വരുമ്പോള്‍ അയാള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ള ആളായിരിക്കണം. അങ്ങനെ പറഞ്ഞതിനെ വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ല.
∙ പാലക്കാട്ട് ശോഭയ്ക്കു സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ തിരൂര്‍ സതീശ് കൊടകര കുഴപ്പണക്കേസ് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നു. അതിന്റെ പഴിയും ശോഭ കേള്‍ക്കേണ്ടിവരുന്നു. എന്തു തോന്നുന്നു?
അതില്‍ എന്തെങ്കിലും ഇപ്പോള്‍ പറയുന്നത് ശരിയല്ല. അതിന്റെ വിശദാംശങ്ങള്‍ എല്ലാം പാര്‍ട്ടി പരിശോധിക്കട്ടെ.
∙ ബിജെപിയില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്?
ഈ വിഷയത്തില്‍ ഞാന്‍ കെ.സുരേന്ദ്രനെ കുറിച്ച് യാതൊരു അഭിപ്രായവ്യത്യാസവും പറയുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം എതെങ്കിലും തരത്തില്‍ എന്നെ അപമാനിച്ചെന്നും പരാതിയില്ല. അതുകൊണ്ടു തന്നെ ഞാന്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്കു പാര്‍ട്ടിയുടെ സംഘടനാകാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പ്രാദേശികമായി നേരിടുന്ന പ്രശ്നങ്ങള്‍ പല തവണ പാര്‍ട്ടി വേദികളില്‍ തന്നെ എല്ലാവരുടെയും ശ്രദ്ധിയില്പെടുത്തിയിട്ടുള്ളതാണ്.
∙ ഇടതുപക്ഷത്തിനെതിരെ അതിനിശിതമായ വിമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള താങ്കള്‍ ഏതെങ്കിലും ഘട്ടത്തില്‍ ആ സംഘടനയിലേക്കു പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
ഒരു ഘട്ടത്തിലും ആലോചിച്ചിട്ടു പോലുമില്ല. അത്തരം വ്യാജപ്രചാരണങ്ങള്‍ പലരും നടത്തുന്നുണ്ട്. ഞാന്‍ നിലവില്‍ ബിജെപിക്കാരനാണ്. പാര്‍ട്ടി മാറുന്നതൊന്നും ഇപ്പോള്‍ ഒരു പരിഗണനാ വിഷയമേ അല്ല.