ADVERTISEMENT

ന്യൂഡൽഹി∙ സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. നാളെ മുതൽ തനിക്ക് നീതി നൽകാൻ സാധിക്കില്ല, പക്ഷേ സംതൃപ്തനാണെന്ന് സുപ്രീം കോടതിയിലെ തന്റെ അവസാനദിനത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ചന്ദ്രചൂഡ് പറഞ്ഞു. ഒരു തീർഥാടകനോട് സമാനമാണ് ഒരു ജഡ്ജിയുടെ കരിയറെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘‘സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് ഓരോ ദിവസവും കോടതിയിൽ വരുന്നത്. ഞങ്ങൾ ചെയ്യുന്ന ജോലിക്ക് കേസുകൾ ഉണ്ടാക്കാനോ തകർക്കാനോ കഴിയും.’’– അദ്ദേഹം പറഞ്ഞു. ‘‘കോടതിയിൽ ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ദയവായി എന്നോട് ക്ഷമിക്കൂ. എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ.’’– ഒരു ജൈന വാചകം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുള്ള കൈകളിൽ ബെഞ്ച് വിട്ടുനൽകുന്നതിൽ തനിക്ക് ആശ്വാസമുണ്ടെന്നും ഡി.വൈ.ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിൻഗാമിയായി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നവംബർ 10നാണ് വിരമിക്കുന്നതെങ്കിലും ഇന്നാണ് അവസാന പ്രവൃത്തിദിനം. 2022 നവംബർ 9നാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ 50–ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. 

ഡൽഹി സ്വദേശിയായ ജസ്റ്റിസ് സഞ്ജീവ് ഖന്ന, 1983 ൽ ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകനായി തുടങ്ങി. ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രവർത്തിച്ചു. ആദായ നികുതി വകുപ്പിന്റെയും ഡൽഹി സർക്കാരിന്റെയും സ്റ്റാൻഡിങ് കൗൺസലായിരുന്നു. 2005 ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയും പിന്നീടു സ്ഥിരം ജഡ്ജിയുമായി. ഡൽഹി ജുഡീഷ്യൽ അക്കാദമിയുടെയും ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിന്റെയും ചുമതല വഹിച്ചു. 2019 ൽ സുപ്രീം കോടതി ജഡ്ജിയായി.

English Summary:

Satisfied with My Service": CJI D.Y. Chandrachud Bids Farewell to Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com