ADVERTISEMENT

തിരുവനന്തപുരം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കള്ളപ്പണമാകരുത് പ്രചാരണ വിഷയമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എൻ.എൻ.കൃഷ്ണദാസ് വ്യക്തമാക്കിയതിനു പിന്നാലെ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. പാലക്കാട്ട് പ്രചാരണവിഷയം പെട്ടിയിൽ മാത്രം ഒതുക്കേണ്ടെന്ന് എം.വി.ഗോവിന്ദൻ മനോരമ ന്യൂസിനോടു പറഞ്ഞു. ഒന്നിനുപിറകെ ഒന്നായി വിഷയങ്ങൾ ഉയർന്നുവരും, ഓരോന്നും നേരിടണം. ഒന്നിനു വേണ്ടി മറ്റൊന്നിനെ ഒഴിവാക്കേണ്ട കാര്യമില്ല. കൃഷ്ണദാസിന്റെ നിലപാടല്ല, എന്റെ നിലപാടാണ് ഞാൻ പറയുന്നത്. പെട്ടിയിൽ മാത്രം പാലക്കാട് ആരും ശ്രദ്ധകേന്ദ്രീകരിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. 

പാതിരാ ഹോട്ടൽ റെയ്ഡിലും പെട്ടിവിവാദത്തിലും പുലിവാലു പിടിച്ചതോടെയാണ് സിപിഎമ്മിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നത്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്നും സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ് തുറന്നടിച്ചതോടെയാണ് പാർട്ടി വെട്ടിലായത്. പാലക്കാട് പാർക്കുന്നത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുൻ എംഎൽഎ എം.നാരായണൻ അനുസ്മരണ ചടങ്ങിലായിരുന്നു കൃഷ്ണദാസിന്റെ പ്രസംഗം. ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്ന, രാഷ്ട്രീയം പറഞ്ഞാണ് വോട്ടു പിടിക്കേണ്ടതെന്നായിരുന്നു കൃഷ്ണദാസിന്റെ വാക്കുകൾ.  കോൺഗ്രസ് നേതാക്കൾക്ക് കള്ളപ്പണം എത്തിയെന്ന സിപിഎം വാദം തള്ളിയ കൃഷ്ണദാസ്, പെട്ടി വിവാദം കോൺഗ്രസ് കെണിയാണന്നും പറഞ്ഞു. 

ഇതിനു പിന്നാലെ കൃഷ്ണദാസിനെ തള്ളി പാർട്ടി ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണം കൊണ്ടുവന്നതിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്. കള്ളപ്പണ ആരോപണത്തില്‍ പാര്‍ട്ടി പരാതിയുമായി മുന്നോട്ടുപോകുമെന്ന് ഇ.എന്‍.സുരേഷ് ബാബു വ്യക്തമാക്കി. കൊടകരയിലെ കുഴല്‍പ്പണം പാലക്കാടും എത്തിയതായി സംശയിക്കുന്നു. കൃഷ്ണദാസ് പറഞ്ഞകാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. അദ്ദേഹം പറഞ്ഞകാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു ശേഷം കൃഷ്ണദാസ് വീണ്ടും മാധ്യമങ്ങളെ കണ്ട് നിലപാട് ആവർത്തിച്ചു. പിന്നാലെയാണ് എം.വി.ഗോവിന്ദനും കൃഷ്ണദാസിനു പിന്തുണയുമായി വരുന്നത്.

English Summary:

M.V. Govindan supports N. N. Krishnadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com