വിദ്യാർഥികൾക്കുള്ള ഫാസ്റ്റ്‌ട്രാക്ക് വീസാ പദ്ധതി അവസാനിപ്പിച്ച് കാനഡ; ഇന്ത്യൻ വിദ്യാർഥികൾക്കടക്കം തിരിച്ചടി
Mail This Article
ന്യൂഡൽഹി∙ രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കി കാനഡ. ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് തീരുമാനം. ഇന്ത്യ, ബ്രസീൽ, ചൈന. കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്.
എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുമാണ് എസ്ഡിഎസ് നിർത്തലാക്കുന്നതെന്നാണ് കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. നവംബർ 8ന് കനേഡിയൻ സമയം ഉച്ചയ്ക്ക് 2 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ എസ്ഡിഎസ് പദ്ധതി പ്രകാരം പരിഗണിക്കൂവെന്ന് വെബ്സൈറ്റിൽ പറയുന്നു. ശേഷിക്കുന്ന അപേക്ഷകരും ഇനി അപേക്ഷിക്കുന്ന വിദ്യാർഥികളും സാധാരണ സ്റ്റുഡന്റ് പെർമിറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരും.
ലളിതമായ നടപടിക്രമങ്ങളിലൂടെ വീസ പെട്ടെന്ന് ലഭിക്കാനായാണ് അതിവേഗ (ഫാസ്റ്റ്‌ട്രാക്ക്) സംവിധാനമായി എസ്ഡിഎസ് കൊണ്ടുവന്നിരുന്നത്. പദ്ധതി നിർത്തലാക്കിയതോടെ ഇന്ത്യയുൾപ്പെടെയുള്ള 14 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ നീണ്ട വീസാ നടപടികളിലൂടെ കടന്നുപോകേണ്ടി വരും.
നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ ഓരോ വർഷവും ഉപരിപഠനത്തിന് അവസരം തേടുന്നത്. എസ്ഡിഎസ് പദ്ധതി പ്രകാരം 20.636 കനേഡിയൻ ഡോളറിന്റെ ഗാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റും ഇംഗ്ലിഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിൽ ടെസ്റ്റ് സ്കോറും നേടിയാൽ വിദ്യാർഥികൾക്ക് വീസ ലഭ്യമായിരുന്നു. എളുപ്പത്തിൽ പൂർത്തിയാകുന്നതും വീസ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതുമായിരുന്നു ഈ മാർഗം. 2023ലെ കണക്കുപ്രകാരം ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കാണ് വീസ ലഭിച്ചത്.