ADVERTISEMENT

തിരുവനന്തപുരം∙ മതാടിസ്ഥാനത്തിലുളള വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം കത്തിനില്‍ക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകള്‍ കാണാതായെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ഐഎഎസ് തലപ്പത്ത് തമ്മിലടി. അഡീ.ചീഫ് സെക്രട്ടറി എ.ജയതിലകിനെ ‘ചിത്തരോഗി’ എന്ന് എന്‍.പ്രശാന്ത് അധിക്ഷേപിച്ചു. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’ എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ പ്രശാന്ത് കമന്റ് ചെയ്തിരിക്കുന്നത്. തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് എന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്. 

ഡോ. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു, ആരാണ് ഇടനിലക്കാര്‍ എന്ന ഒരാളുടെ ചോദ്യത്തിനാണ് പ്രശാന്ത് മറുപടി നല്‍കിയിരിക്കുന്നത്. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജര്‍’ രേഖപ്പെടുത്തിയെന്ന് ഉള്‍പ്പെടെയുള്ള കണ്ടെത്തലുകള്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ റിപ്പോര്‍ട്ടിലുണ്ടെന്നു സൂചനയുണ്ട്. 

ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിന്റെ രൂക്ഷവിമര്‍ശനം. ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പില്‍ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെതിരെയും പരാമര്‍ശമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓര്‍മശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമെന്നും പ്രശാന്ത് പറഞ്ഞു. കുസൃതി ഒപ്പിച്ച് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരില്‍ കൂടിവരുന്നുവെന്ന് പ്രശാന്ത് പരിഹസിക്കുന്നുമുണ്ട്.

പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവര്‍മെന്റ് സൊസൈറ്റി) ഫയലുകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷനല്‍ സെക്രട്ടറി ഡോ.എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണു സൂചന. ഇതിനു പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്. രേഖകള്‍ ആവശ്യപ്പെട്ട് പ്രശാന്തിന് കത്തുനല്‍കി രണ്ടു മാസത്തിനു ശേഷമാണ് രണ്ട് കവര്‍ മന്ത്രിയുടെ ഓഫിസല്‍ എത്തിച്ചത്. കവറുകളില്‍ ഉന്നതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ ഇല്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. 

മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം എന്‍.പ്രശാന്തിനെതിരായ ഫയല്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. 

വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തില്‍ സ്വന്തം പരാതി തകിടം മറിക്കുംവിധം വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നു പൊലീസിനു പരാതി നല്‍കിയ ഗോപാലകൃഷ്ണന്‍ തന്നെ അതു തെളിയിക്കാനാവാത്തവിധം വിവരങ്ങളെല്ലാം നീക്കി ഫോണ്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു. ഇക്കാരണത്താല്‍ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്നു ഫൊറന്‍സിക് സംഘം ഇന്നലെ പൊലീസിനെ അറിയിച്ചു.

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോയെന്നു കണ്ടെത്താനായില്ലെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിനു റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പിനു കൈമാറും. അന്വേഷണം വഴിമുട്ടിക്കാന്‍ ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായെന്ന സൂചനയുള്ള റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നതു നിര്‍ണായകമാകും. മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍ എത്തിയാല്‍ സര്‍വീസ് ചട്ടലംഘനത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകും.

English Summary:

N Prasanth mock A Jayathilak IAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com