ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായേക്കും: ഇടിമിന്നലോട് കൂടിയ മഴ തുടരും; മലയോര മേഖലകളില്‍ ശക്തമായ മഴ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇത് തമിഴ്നാട്–ശ്രീലങ്കൻ തീരത്തേക്ക് നീങ്ങിയേക്കും. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയുണ്ടാകും. സംസ്ഥാനത്ത് 11 വരെ മഴ ശക്തമാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.
ഇന്ന് വടക്കന്‍ തമിഴ്നാട് തീരം, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നിട്ടുള്ള കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറേ ബംഗാള്‍ ഉള്‍ക്കടലിലെ മിക്ക ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 - 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതുകൊണ്ട് മത്സ്യബന്ധനം ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.