ADVERTISEMENT

പീരുമേട് ∙ കൊലപാതകം ആത്മഹത്യയാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പ്രതികൾ കുറ്റസമ്മതം നടത്താതെ പൊലീസിനെ വട്ടംകറക്കിയത് 48 മണിക്കൂർ. മാരത്തൺ ചോദ്യം ചെയ്യലിലും പ്രതികൾ പിടിച്ചുനിന്നു. 

5നു വൈകിട്ട് നാലോടെയാണു ബിബിനെ പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ചത്. 20 മിനിറ്റ് മുൻപു മരണം സംഭവിച്ചെന്നു പരിശോധിച്ച ഡോക്ടർ വ്യക്തമാക്കുകയും പോസ്റ്റ്മോർട്ടത്തിനു നിർദേശിക്കുകയും ചെയ്തു. പിറ്റേന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായതിനുശേഷം കൊലപാതകം സ്ഥിരീകരിച്ചു.ബിബിന്റെ സംസ്കാരം കഴിഞ്ഞതിനു പിന്നാലെ കുടുംബാംഗങ്ങളെയും സഹോദരിയുടെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യംചെയ്തു തുടങ്ങി.

 എന്നാൽ മൊഴികൾ മാറ്റിപ്പറഞ്ഞ് അന്വേഷണസംഘത്തെ വട്ടംചുറ്റിച്ച പ്രതികൾ ഇന്നലെ പുലർച്ചെയോടെയാണു കുറ്റം സമ്മതിച്ചത്.കൊലപാതകം നടത്തിയശേഷം 24 മണിക്കൂറിലധികം സമയം ലഭിച്ചതിനാൽ പ്രതികൾ കൃത്യമായ തയാറെടുപ്പ് നടത്തിയെന്നാണു പൊലീസ് പറയുന്നത്. പ്രതികളെ പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ കുറ്റസമ്മതം നടത്തുകയായിരുന്നു.

തൂങ്ങിമരണക്കഥ പ്രചരിപ്പിച്ചത് 5 വർഷം മുൻപത്തെ ഓർമയിൽ

കൊല്ലപ്പെ‌ട്ട ബിബിൻ 2019ൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു കണ്ടെത്തൽ

പീരുമേട് ∙ കൊല്ലപ്പെട്ട ബിബിൻ മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതാണു തൂങ്ങിമരണമെന്ന കഥ പ്രതികൾ പ്രചരിപ്പിച്ചതു നാട്ടുകാരും ബന്ധുക്കളും വിശ്വസിക്കാൻ കാരണമായത്. 2019 ജനുവരി 28ന്, ഇപ്പോൾ കൊലപാതകം നടന്ന വീട്ടിൽത്തന്നെ ബിബിൻ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അന്ന് ആശുപത്രിയിലെത്തിച്ചാണു രക്ഷപ്പെടുത്തിയത്.

 ഇതു മറയാക്കിയാണ് ഇത്തവണ കുടുംബാംഗങ്ങൾ ശുചിമുറിയിൽ ബിബിൻ തൂങ്ങിനിൽക്കുകകയായിരുന്നെന്നു പ്രചരിപ്പിച്ചത്. ബിബിനെ ആശുപത്രിയിൽ എത്തിച്ചു മരണം സ്ഥിരീകരിച്ച ശേഷം തിരികെ വീട്ടിലെത്തിയ കുടുംബാംഗങ്ങൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ അതിവേഗത്തിൽ തുടങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ പോസ്റ്റ്മോർട്ടം ചെയ്തു മൃതദേഹം ലഭിക്കുന്നതിനുള്ള സാധ്യതയും ആരാഞ്ഞു. അറസ്റ്റിലായ ബിനിതയും വിനോദും സഹോദരന്റെ പേരുപറഞ്ഞു വിങ്ങിക്കരയുകയും മാതാവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു.

അവധിക്ക് നാട്ടിലെത്തി, ജീവൻ പോയി

സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷിച്ച ശേഷം തമിഴ്നാട്ടിലെ ജോലി സ്ഥലത്തേക്കു തിരികെപ്പോകാനിരിക്കെയാണു ബിബിന്റെ വേർപാട്. കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിബിൻ ദീപാവലി അവധിക്കാണു നാട്ടിൽ എത്തിയത്. 5–ാം തീയതി വൈകിട്ടു തിരികെ മടങ്ങാനിരിക്കുകയായിരുന്നു. പിറന്നാൾ കേക്ക് മുറിക്കാൻ തങ്ങൾ വീട്ടിലെത്തുമ്പോൾ ബിബിനെ ബന്ധുക്കൾ താങ്ങിയെടുത്തുകൊണ്ടു വരുന്നതാണു കണ്ടതെന്ന സുഹൃത്തുക്കളുടെ മൊഴി അന്വേഷണത്തിൽ നിർണായകമായി.

English Summary:

Peermade murder: Accused confused police for 48 hours by changing statements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com