‘ഹമാസ് ഓഫിസ് പൂട്ടാൻ യുഎസ് ആവശ്യപ്പെട്ടിട്ടില്ല’: മധ്യസ്ഥ ചർച്ചയ്ക്ക് ഇനിയില്ലെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് ഖത്തർ
Mail This Article
ദുബായ്∙ ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാൻ യുഎസ് ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് തള്ളി ഖത്തർ വിദേശകാര്യ മന്ത്രാലയം. ഖത്തർ ഈ വിവരം ഹമാസ് നേതാക്കളെ അറിയിച്ചിരുന്നെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ട്. എന്നാൽ യുഎസ് സമ്മർദത്തെ തുടർന്നല്ല ഓഫിസ് പൂട്ടാൻ നിർദേശിച്ചതെന്ന് ഖത്തർ വ്യക്തമാക്കി. നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും അറിയിച്ചു. 2012 മുതൽ ഹമാസ് നേതാക്കൾക്ക് ഖത്തർ രാഷ്ട്രീയ അഭയം നൽകി വരുന്നുണ്ട്.
അതിനിടെ ഗാസ വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന് പിന്മാറിയെന്ന വിവരം ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചർച്ചകൾ തുടരാൻ ഇരുവിഭാഗവും സന്നദ്ധരാകുമ്പോൾ മധ്യസ്ഥശ്രമം തുടരുമെന്നാണ് വിശദീകരണം. പിന്മാറ്റം ഇസ്രായേലിനെയും ഹമാസിനെയും ഖത്തർ അറിയിച്ചിട്ടുണ്ട്. യുഎസിനെയും ബോധ്യപ്പെടുത്തി.
പലവട്ടം ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്. ദോഹയിലെ ഹമാസ് ഓഫിസ് അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും ഖത്തർ പറഞ്ഞു. യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയും ബന്ദി മോചനവും ഹമാസ് തള്ളിയ സാഹചര്യത്തിലാണ് ദോഹയിൽ പലസ്തീൻ സംഘടനയുടെ സാന്നിധ്യം സ്വീകാര്യമല്ലെന്ന് സഖ്യകക്ഷിയായ ഖത്തറിനെ യുഎസ് അറിയിച്ചത്.
ഇസ്രയേലും ഹമാസും ആത്മാർഥമായല്ല ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ആരോപിച്ചാണ് നിർണായക സ്ഥാനത്തുനിന്ന് ഖത്തറിന്റെ പിന്മാറ്റം. ഇതോടെ സമാധാന നീക്കമാണ് വീണ്ടും പ്രതിസന്ധിയിലാവുന്നത്. ആത്മാർഥതയോടെ ചർച്ചയിൽ പങ്കെടുക്കാൻ ഇരുപക്ഷവും തയാറാകാത്തിടത്തോളം കാലം മധ്യസ്ഥ ചർച്ചക്ക് അർഥമില്ലെന്നും അതുകൊണ്ടുതന്നെ തുടരാനാവില്ലെന്നും ഖത്തർ നയതന്ത്ര വൃത്തങ്ങൾ ഇന്നലെ അറിയിച്ചിരുന്നു.
ബന്ദിമോചനത്തിനും വെടിനിർത്തലിനുമായി യുഎസ്, ഈജിപ്ത് എന്നിവർക്കൊപ്പം ഖത്തറും മാസങ്ങളായി മധ്യസ്ഥ ചർച്ച നടത്തുകയാണ്. എന്നാൽ, ഇതുവരെ ഫലപ്രദമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധി അവസാനിക്കാനിരിക്കെ, യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, പുതിയ ഉപാധികൾ കണ്ടെത്താനായി യുഎസും ഖത്തറും കഴിഞ്ഞ മാസം ചർച്ചകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിനും ഫലം കണ്ടില്ല.