തലവേദനയാകുന്ന 'തലകള്‍': കടിഞ്ഞാണ്‍ ഇട്ട് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; പാര്‍ട്ടിക്കും അതൃപ്തി
Mail This Article
തിരുവനന്തപുരം∙ ഐഎഎസ്, ഐപിഎസ് തലപ്പത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കും. ഇതു സംബന്ധിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തും. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നിരിക്കുന്ന വിവാദത്തില്‍ മുഖ്യമന്ത്രിയും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സിവില്‍ സര്‍വീസ് തലപ്പത്ത് തന്നിഷ്ടപ്രകാരമുള്ള നടപടികളാണ് ഉണ്ടാകുന്നതെന്ന പ്രതീതി പൊതുസമൂഹത്തില്‍ ഉയരുന്നുണ്ടെന്നും ഇതു സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നുമുള്ള സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നത്. അടുത്തിടെ എഡിജിപി എം.ആര്‍.അജിത് കുമാറുമായും എസ്പി സുജിത് ദാസുമായും ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ തുടങ്ങി ഒടുവില്‍ എന്‍.പ്രശാന്ത്, കെ.ഗോപാലകൃഷ്ണന്‍ എന്നിവരിലേക്കു വരെ പട്ടിക എത്തിയിരിക്കുന്നു. മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ തുറന്നെഴുതുന്നതും സംസ്ഥാനഭരണത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങള്‍ ആണെന്ന് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ഭരണപക്ഷ എംഎല്‍എ ആയിരുന്ന പി.വി.അന്‍വര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് എസ്പി സുജിത് ദാസ്, എഡിജിപി എം.ആര്‍.അജിത് കുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്. സുജിത് ദാസിനെ സ്ഥലം മാറ്റിയെങ്കിലും അജിത് കുമാറിനെ അവസാന നിമിഷം വരെ സംരക്ഷിച്ചുപിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഒടുവില്‍ തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയുടെ പേരില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിയാണ് സര്‍ക്കാര്‍ തടിയൂരിയത്. ഘടകകക്ഷികള്‍ക്കിടയിലും സിപിഎമ്മിനുള്ളിലും അജിത് കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ഇതിനിടയില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെതിരെ ഉയര്‍ന്ന ഭൂമിസംബന്ധമായ ആരോപണവും ചര്‍ച്ചയായിരുന്നു. ഡിജിപിയുടെ ഭാര്യ എസ്.ഫരീദ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജില്‍ വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരത്ത് ഉള്ള 10.8 സെന്റ് ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. കരാര്‍ലംഘനം നടന്നുവെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു പരാതിക്കാരന്‍ ഉമര്‍ ഷെരീഫ് കോടതിയെ സമീപിച്ചതോടെ വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാന്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി ഉത്തരവിട്ടു. ഭൂമി ഇടപാട് കേസില്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ പണം മുഴുവന്‍ തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
ഏറ്റവുമൊടുവില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ നിലപാടുകളും വന്‍ വിവാദമായി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തി ആരോപണങ്ങള്‍ ഉന്നയിച്ചും കലക്ടര്‍ അനങ്ങാതെ കേട്ടിരുന്നതും ചടങ്ങിനു ശേഷം നവീന്‍ ബാബു തന്നെ വന്നു കണ്ട് തെറ്റുപറ്റിയെന്ന് പറഞ്ഞതായി പൊലീസിനു മൊഴി കൊടുത്തതും വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കി. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ടും വിടുതല്‍ നല്‍കാതിരുന്നതും നവീന്‍ ബാബു വേണ്ടെന്നു പഞ്ഞിട്ടും യാത്രയയ്പ്പ് ചടങ്ങ് സംഘടിപ്പിച്ചതും കലക്ടര്‍ മനപൂര്‍വം ചെയ്തതാണെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ വരെ ആരോപണം ഉന്നയിച്ചിരുന്നു. കലക്ടര്‍ അരുണ്‍ കെ.വിജയനെതിരെ അതിനിശിതമായ വിമര്‍ശനമാണ് നവീന്‍ ബാബുവിന്റെ കുടുംബവും ഉന്നയിച്ചിരിക്കുന്നത്.
ഈ വിവാദങ്ങളെല്ലാം കത്തിനില്‍ക്കുന്നതിനിടെയാണ് വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഒക്‌ടോബര്‍ 31ന് ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പും പിന്നീട് മുസ്‍ലിം വാട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചതു സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ ആണ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദത്തിന് തെളിവില്ലെന്ന് പൊലീസ് കണ്ടെത്തിയതോടെ സസ്‌പെന്‍ഷന് കളമൊരുങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകാണെന്നാരോപിച്ച് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. 'മാടമ്പള്ളിയിലെ ചിത്തരോഗി' പ്രയോഗവും മുന്‍മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരായ 'ഹൂ ഈസ് ദാറ്റ്' പരിഹാസവും കൂടി ആയതോടെ ഒരേ ദിവസം രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍ എന്ന അപൂര്‍വതയ്ക്കും കേരളം സാക്ഷ്യം വഹിച്ചു.