ADVERTISEMENT

ലണ്ടൻ∙ ബാലപീഡനങ്ങൾക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങൾക്ക് പിന്നാലെ ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി രാജിവച്ചു. 1970കളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലും ക്രിസ്മസ് അവധിക്കാല ക്യാംപിൽ പങ്കെടുത്തിരുന്ന ആൺകുട്ടികളെ പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുൻ ചെയർമാനുമായ ജോൺ സ്മിത്ത് ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത വിഷയം കൈകാര്യം ചെയ്തതിൽ സഭയ്ക്ക് വീഴ്ചയുണ്ടായെന്ന് ആർച്ച് ബിഷപ്പിനെതിരെ വിമർശനം ഉയർന്നിരുന്നു. 

എഴുപതുകളിലെ ക്യാംപിന് നേതൃത്വം നൽകിയത് ആർച്ച് ബിഷപ് ആയിരുന്നു. പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടും സ്മിത്തിന് വിദേശത്തു പോകാൻ സഭ അനുമതി നൽകിയെന്നും തുടർന്ന് സിംബാബ്‌വേയിലും ദക്ഷിണാഫ്രിക്കയിലും പോയ സ്മിത്ത് അവിടെയും ബാലപീഡനം തുടർന്നുവെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. പീഡനത്തെക്കുറിച്ച് 2013ൽ അറിഞ്ഞിട്ടും ആർച്ച് ബിഷപ് ഇക്കാര്യം ഔദ്യോഗികമായി അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പീഡനത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നാണ് ആർച്ച് ബിഷപ് വിശദീകരിച്ചത്. 

ബ്രിട്ടൻ, സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി 130ലേറെ കുട്ടികളാണ് സ്മിത്തിന്റെ പീഡനങ്ങൾക്ക് ഇരയായത്. ഇയാൾ കഴിഞ്ഞവർഷം മരിച്ചു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആംഗ്ലിക്കൽ സഭയ്ക്കുള്ളിലും വിൽബി രാജിവയ്ക്കണമെന്ന് അഭിപ്രായം ഉയർന്നു. രാജിയാവശ്യപ്പെട്ട് സഭ സിനഡ് അംഗങ്ങൾ നിവേദനം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജി.

English Summary:

Head of Anglican Church and Canterbury Archbishop Justin Wilby resigned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com