മുനമ്പത്ത് ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം സഹായം: കെ.സി.വേണുഗോപാൽ
Mail This Article
കണ്ണൂർ∙ മുനമ്പം വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും പ്രശ്നം പരിഹരിക്കണമെന്നും മുസ്‌ലിം സംഘടനകൾ യോഗം ചേർന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ല. കേരളത്തിൽ സാമുദായിക സംഘർഷം ഉണ്ടാക്കിയെടുത്ത് അതിൽനിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ബിജെപിക്ക് അവസരം നൽകുകയാണു സർക്കാർ ചെയ്തത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വരുന്നവർക്കായി കുളം കലക്കിക്കൊടുക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി.
വയനാട് ചേലക്കരയിലും കോൺഗ്രസിനു വിജയം ഉറപ്പാണ്. പാലക്കാട്ടും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷം ലഭിക്കും. അതിശക്തമായ ഭരണവിരുദ്ധ വികാരം ചേലക്കരയിലും കോൺഗ്രസിന്റെ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവില്ല തിരഞ്ഞെടുപ്പ് എന്നു പറയുന്നതു മുൻകൂർ ജാമ്യം എടുക്കലാണ്. നിയമസഭയിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ഇങ്ങനെ പറയുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാർ കമ്യൂണിസ്റ്റ് ആശയങ്ങളല്ല നടപ്പാക്കുന്നത്. ഐഎസ് ഉദ്യോഗസ്ഥർ പരസ്പരം പോരടിക്കുന്നു. സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണ്. മറ്റു പാർട്ടികൾ 10 വർഷം മുന്നോട്ട് ചിന്തിക്കുമ്പോൾ സിപിഎമ്മിന് ബുദ്ധിയുദിക്കാൻ ചുരുങ്ങിയത് 10 വർഷം കാത്തിരിക്കണമെന്നതിനു തെളിവാണ് സീപ്ലെയിൻ പദ്ധതിയെന്നും കെ.സി.വേണുഗോപാൽ പരിഹസിച്ചു.