മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു
Mail This Article
കോഴിക്കോട്∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മ (80) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 1991 മുതൽ 1995 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു. 1987ലും 1991ലും കൊയിലാണ്ടിയിൽനിന്നുള്ള എംഎൽഎയുമായിരുന്നു.
ലോ കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. കെപിസിസി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സേവാദൾ ഫാമിലി വെൽഫയർ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസിസി ട്രഷറർ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാദാപുരത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999ൽ പാലക്കാടുനിന്നും 2004ൽ വടകരയിൽനിന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ കോഴിക്കോട് കോർപറേഷൻ പ്രതിപക്ഷ നേതാവായി.
ഏറെനാളായി മകൾക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം നാളെ കോഴിക്കോട്ട് എത്തിക്കും. കണ്ണൂർ സ്വദേശിയായ എം.ടി.പത്മ കോഴിക്കോട്ടേക്ക് ചേക്കേറുകയായിരുന്നു. 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷകയായിരുന്നു. കെ.കരുണാകരനാണ് നാദാപുരത്ത് മത്സരിക്കാൻ ആവശ്യപ്പെട്ടത്. 1982ലെ ആദ്യ മത്സരത്തിൽ രണ്ടായിരത്തിൽ പരം വോട്ടുകൾക്ക് തോറ്റു.