ADVERTISEMENT

പാലക്കാടൻ കാറ്റും വള്ളുവനാടിന്റെ സൗന്ദര്യവും തൃശൂരിന്റെ ഗ്രാമീണ ഭംഗിയും നിറയുന്ന ചെലൊത്തൊരു നാട്, ചേലക്കരയെന്ന ദേശത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. തൃശൂരിൽനിന്ന് മുപ്പത് കിലോമീറ്റർ അകലെയാണ് ചേലക്കര ടൗൺ. ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃശൂർ ജില്ലയുടെ വടക്കുകിഴക്ക് അതിർത്തിയിലെ കർഷക സമ്പന്നമായ നാട്.  ചേലക്കരയിലെ വോട്ടർമാരുടെ മനസ്സിലെന്തായിരിക്കും?

ചേലക്കര, പഴയന്നൂർ, തിരുവില്വാമല, ദേശമംഗലം, മുള്ളൂർക്കര, പാഞ്ഞാൾ, വരവൂർ, കൊണ്ടാഴി, വള്ളത്തോൾ നഗർ എന്നിങ്ങനെ 9 പഞ്ചായത്തുകൾ കൂടി ചേ‍ർന്നതാണ് ചേലക്കര നിയമസഭാ മണ്ഡ‍ലം. ശരിക്കും പറഞ്ഞാൽ ചേലക്കരയുടെ നവമുത്തുകൾ. കഴിഞ്ഞ 28 വർഷമായി ചേലക്കര ഇടത്തോട്ട് ചാഞ്ഞിട്ട്. അതിൽ 23 വർഷവും ചേലക്കരക്കാരുടെ പ്രിയങ്കരനായി മാറിയത് മുൻ മന്ത്രിയും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന കെ.രാധാകൃഷ്ണൻ തന്നെ. സംവരണ മണ്ഡലമാണ് ചേലക്കര. ഇത്തവണ കെ.രാധാകൃഷ്ണൻ ആലത്തൂർ പാർലമെന്റംഗമായി ജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ്, മുൻപ് എംഎൽഎയായി മണ്ഡലത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയാണ്. ദേശമംഗലം മുൻ പഞ്ചായത്ത് പ്രസിഡന്റ്. വികസനത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് ചേലക്കരയിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി വോട്ടർമാരെ കാണുന്നത്. ഇടതുപക്ഷ കോട്ടയെ ഒരിക്കൽ പാട്ടുപാടി കയ്യിലെടുത്ത ആളാണ് ആലത്തൂർ മുൻ എംപി യും യുഡിഎഫ് സ്ഥാനാർഥിയുമായ രമ്യാ ഹരിദാസ്. 2019ൽ ചേലക്കര ഉൾപ്പെടുന്ന ആലത്തൂരിൽ പാട്ടും പാടി രമ്യ ജയിച്ചെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടി പതറി. എന്നാൽ മൂന്നാം വട്ടവും ചേലക്കര മണ്ഡലത്തിലെ ജനങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചെത്തുന്ന രമ്യ ഇത്തവണ ആത്മവിശ്വാസത്തിലാണ്. യുഡിഎഫ് നടത്തിയ ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങൾ ആഗ്രഹിക്കുന്ന ഫലം മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് രമ്യയുടെ പക്ഷം.

മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത് ബാലേട്ടനൊരു വോട്ട് എന്ന ബിജെപിയുടെ ഫ്ലക്സ് ബോർഡുകളാണ്. അതിലാകട്ടെ മോദിക്കൊപ്പം നിറസാന്നിധ്യമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമുണ്ട്. സുരേഷ് ഗോപി ഇഫക്ടാണ് ബിജെപി ചേലക്കരയിൽ ലക്ഷ്യമിടുന്നത്. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ കെ.ബാലകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. എൽഡിഎഫിനും യുഡിഎഫിനും അവസരം നൽകിയ ചേലക്കരക്കാർ ഒരു മാറ്റത്തിനായി ബിജെപിക്കു വോട്ട് ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ.

ഭൂമിശാസ്ത്രപരമായി വലിയ മണ്ഡലമാണ് ചേലക്കര. ഭാരതപ്പുഴയും ഗായത്രി പുഴയും ഒഴുകുന്ന, പാടശേഖരങ്ങളാൽ സമൃദ്ധമായ ഗ്രാമങ്ങൾ. ദേശമംഗലത്തിന്റെ നൈർമല്യവും, പാഞ്ഞാൾ അതിരാത്രത്തിന്റെ പൈതൃകവും, കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിന്റെ പ്രശസ്തിയും, വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പുണ്യവും, കേരള കലാമണ്ഡലത്തിന്റെ താളവും, എളനാടിന്റെ വിശുദ്ധിയും ഒത്തു ചേരുന്നതോടെ ചേലക്കര കേരളത്തിലെ ചേലൊത്ത നാടാകുകയാണ്. ഇത്തവണ ചേലക്കര ആർക്ക് വോട്ട് ചെയ്യും. കാത്തിരുന്നുകാണാം.

English Summary:

Chelakkara Assembly By-election: A Three-Way Battle for a Legacy Seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com