‘നിങ്ങൾ എത്ര തവണ സിഎമ്മിനെക്കൊണ്ട് എന്നെ വിളിപ്പിക്കും’; ആദ്യ സീ പ്ലെയ്ൻ പൊളിക്കേണ്ടിവന്ന മലയാളി പൈലറ്റ് സംസാരിക്കുന്നു
Mail This Article
കൊച്ചി∙ ബോൾഗാട്ടി മറീനയിൽ നിന്ന് പറന്നുയർന്ന സീ പ്ലെയ്ൻ ഇടുക്കിയിലെ മാട്ടുപ്പെട്ടി അണക്കെട്ടിലെ ജലനിരപ്പിലിറങ്ങിയതിനെ ചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും ഇപ്പോഴും ശക്തമാണ്. പദ്ധതിയെ എതിർത്തും അനുകൂലിച്ചും ഒട്ടേറെ ഘടകങ്ങൾ. അതൊരു രാഷ്ട്രീയ വിവാദവുമാണ്. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ചർച്ചകളും ഇതിനോടൊപ്പമുണ്ട്. കേരളത്തിൽനിന്ന് ആദ്യമായി സീ പ്ലെയ്ൻ സർവീസ് ആരംഭിക്കാൻ മുന്നിട്ടിറങ്ങുകയും ഒടുവിൽ കടക്കെണിയിലായി വിമാനം തന്നെ പൊളിച്ചു വിൽക്കേണ്ടി വരികയും ചെയ്ത ഒരു സംഭവവും ഇതിനിടെ ചർച്ചയിൽ ഉയർന്നുവന്നു. 2012ൽ കൊച്ചി ആസ്ഥാനമായി സീബേർഡ് സീ പ്ലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കുകയും 15 കോടി രൂപയോളം കൊടുത്ത് യുഎസിൽ നിന്ന് ക്വസ്റ്റ് എന്ന സീ പ്ലെയ്ൻ വാങ്ങുകയും ചെയ്ത രണ്ടു മലയാളി പൈലറ്റുമാരായ ക്യാപ്റ്റൻ സൂരജ് ജോസ്, ക്യാപ്റ്റൻ സുധീഷ് ജോർജ് എന്നിവരുടെ അനുഭവമായിരുന്നു അത്. എന്താണ് അന്ന് സംഭവിച്ചത് എന്നതിനെക്കുറിച്ചും കേരളത്തിലെ സീ പ്ലെയ്ൻ സാധ്യതകളെക്കുറിച്ചും ക്യാപ്റ്റൻ സൂരജ് ജോസ് ‘മനോരമ ഓൺലൈനോ’ട് മനസു തുറക്കുന്നു.
∙ കൊച്ചി –മാട്ടുപ്പെട്ടി ഡാം സീ പ്ലെയ്ൻ സർവീസാണ് ഇപ്പോൾ വാർത്തകളിൽ.
ഇപ്പോൾ നടന്നത് ഒരു ഡെമോ ആണല്ലോ. സാഗർമാല പദ്ധതി അനുസരിച്ച് ഉഡാന്റെ ഭാഗമാണിത്. ആ സീ പ്ലെയ്നിന്റെ നിർമാതാക്കൾ രാജ്യം മുഴുവൻ ഈ ഡെമോ നടത്തുന്നുണ്ട്. ചന്ദ്രബാബു നായിഡു ആന്ധ്രയിൽ ഇത് ഉദ്ഘാടനം ഒക്കെ ചെയ്തിരുന്നു. രാജ്യത്തെ മറ്റു പല സ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ട്. വിമാനത്തിന്റെ നിർമാതാക്കൾ അവരുടെ വിമാനം വിൽക്കാൻ ശ്രമിക്കുന്നു. സ്പൈസ് ജെറ്റ് നേരത്തെ തന്നെ ഇത് ഓപറേറ്റ് ചെയ്യുന്നതിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
∙ നിങ്ങൾ കേരളത്തിലെ ആദ്യത്തെ സീ പ്ലെയ്ന്‍ സർവീസ് ആരംഭിക്കാൻ ശ്രമിച്ചതും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു. 12,000 രൂപയൊക്കെയാണ് പ്രാഥമികമായി പറയുന്ന ടിക്കറ്റ് നിരക്ക്.
അതിലെ പ്രധാന വ്യത്യാസം ലക്ഷദ്വീപ് ആയിരുന്നു ഞങ്ങള്‍ ലക്ഷ്യം വച്ചിരുന്ന വിപണി എന്നതാണ്. കേരളം അഡീഷനൽ മാർക്കറ്റ് മാത്രമായിരുന്നു. കാരണം കേരളത്തിൽ റോഡ് കണക്ടിവിറ്റി ഉണ്ട്, ബോട്ടുകളുണ്ട്. ലക്ഷദ്വീപിലേക്ക് കപ്പലിൽ പോകണമെങ്കിൽ ദിവസങ്ങളെടുക്കും. അതുകൊണ്ടു തന്നെ അതായിരുന്നു ഞങ്ങൾ ലക്ഷ്യം വച്ചത്. അത്രയധികം പണം കൊടുത്ത് ആളുകൾ കേരളത്തിൽ സഞ്ചരിക്കാൻ സാധ്യത കുറവാണ്. നമ്മുടെ വിപണിയും മാലദ്വീപിന്റെ വിപണിയുമായി താരതമ്യപ്പെടുത്താറുണ്ട്. മാലദ്വീപിന്റെ ഭൂപ്രകൃതി അനുസരിച്ച് സീ പ്ലെയ്നോ ബോട്ടിനോ മാത്രമേ പോകാൻ സാധിക്കൂ. പക്ഷേ നമുക്ക് മാട്ടുപ്പെട്ടിയിൽ പോകണമെങ്കിൽ ഒരു കാർ മതിയാകും. മാലദ്വീപുമായൊക്കെ താരതമ്യപ്പെടുത്തിയാൽ ഇവിടെ വരുന്ന ടൂറിസ്റ്റുകളുടെ കാര്യത്തിലും വ്യത്യാസമുണ്ട്. കൂടുതലും ആഭ്യന്തര ടൂറിസ്റ്റുകളാണ് ഇവിടെ എത്തുന്നത്. അവർ അത്രയധികം പണം ചെലവഴിക്കണമെന്നില്ല. റോഡ് മുഴുവനായി അത്ര നല്ലതല്ലെങ്കിലും കേരളത്തിൽ യാത്ര ചെയ്യാൻ പറ്റും. കേരളം മുഴുവനായി കാണാനുള്ളതാണല്ലോ. അതുകൊണ്ടു കൊച്ചി കേന്ദ്രമായി ലക്ഷദ്വീപ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ കേരളത്തിലെ വിപണിയെക്കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ല.
∙ അന്ന് അനുമതി കിട്ടാനൊക്കെ വൈകിയതാണ് പ്രശ്നമെന്നു കേട്ടിരുന്നു.
അടിസ്ഥാനപരമായി സീ പ്ലെയ്ൻ എന്താണ് എന്ന് അന്ന് ഡിജിസിഐക്ക് മനസിലായിരുന്നില്ല. സാധാരണ വിമാനവുമായി ബന്ധപ്പെടുത്തിയാണ് അവർ കാര്യങ്ങളെ കണ്ടിരുന്നത്. വലിയ വിമാനങ്ങളുള്ള കമ്പനികൾ പാലിക്കേണ്ട അതേ ചട്ടങ്ങൾ തന്നെ സീ പ്ലെയ്നുകളുള്ള ചെറിയ കമ്പനികളും പാലിക്കണം എന്ന അവസ്ഥയായിരുന്നു. പല രാജ്യങ്ങളിലെയും ഉദാഹരണങ്ങൾ വ്യക്തമാക്കി അവരെ ബോധ്യപ്പെടുത്തണമായിരുന്നു. അതൊക്കെ ചെയ്ത് ചട്ടങ്ങൾ ഒക്കെ മാറ്റി വന്നപ്പോഴേക്കും സമയം കടന്നുപോയി. ആ സമയം എന്നത് പണം കൂടിയാണ്. ചെറിയ കമ്പനികൾക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല.
∙ എന്തുകൊണ്ടായിരുന്നു അന്ന് അത്തരമൊരു മേഖലയിലേക്ക് വന്നത്.
ആന്‍ഡമാൻ നിക്കോബാറിൽ അവിടെ സർക്കാർ പവൻ ഹാൻസ് ലിമിറ്റഡുമായി ചേർന്ന് സീ പ്ലെയ്ൻ സർവീസ് ആരംഭിക്കാൻ തുടങ്ങിയപ്പോൾ എന്നെ വിളിച്ചിരുന്നു. അവിടെപ്പോയി സാങ്കേതികമായും മറ്റുമുള്ള സഹായം നൽകി. അങ്ങനെയാണ് ജൽ ഹാൻസ് എന്ന ആദ്യത്തെ സീ പ്ലെയ്ൻ സർവീസ് തുടങ്ങിയത്. ആൻഡമാൻ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ്, വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിന് സീ പ്ലെയിനിൽ താൽപര്യമുണ്ടായിരുന്നു, പവൻ ഹാൻസ് പൊതുമേഖലയിലുള്ള സ്ഥാപനമാണ്. അതുകൊണ്ട് അവിടെ തടസങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ 2012ൽ ഞങ്ങൾ കൊച്ചി – ലക്ഷദ്വീപ് തുടങ്ങാൻ ശ്രമിക്കുമ്പോൾ ഡിജിസിഎ ചട്ടങ്ങളൊക്കെ ഉണ്ടാക്കുന്നതേ ഉള്ളൂ. സീ പ്ലെയ്നിനെയും എയര്‍ലൈൻസ് ചട്ടങ്ങൾ പോലെ പരിഗണിച്ചപ്പോൾ പദ്ധതി നടപ്പാക്കാൻ ബുദ്ധിമുട്ടായി.
∙ ഒട്ടേറെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ കൂടി നിങ്ങൾക്ക് അതിനുശേഷം കടന്നു പോകേണ്ടി വന്നു എന്ന് കേട്ടിട്ടുണ്ട്.
പദ്ധതിയുടെ ബജറ്റ് കുഴപ്പമില്ലായിരുന്നു. എന്നാൽ സമയം വൈകുന്തോറും എല്ലാ കാര്യങ്ങളും തെറ്റിപ്പോകും. എല്ലാ ധനകാര്യ ഇടപാടുകളും വിദേശ നാണയ കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. ദിവസങ്ങൾ കഴിയുമ്പോൾ ഡോളർ നിരക്ക് മാറും, അങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ടായി. അങ്ങനെ ഒരു ഘട്ടം വരുമ്പോൾ നിക്ഷേപകർ പറയും, നിങ്ങൾ പ്രവർത്തനം തുടങ്ങൂ, എന്നിട്ടാകാം കൂടുതൽ നിക്ഷേപമെന്ന്. അപ്പോൾ നമുക്ക് പണം കണ്ടെത്തേണ്ടി വരും. അങ്ങനെ അത് അവസാനിച്ചു. വിമാനം വിറ്റു. ഇപ്പോൾ കമ്പനി പിരിച്ചുവിടുന്നതിന്റെ അവസാന ജോലികൾ തീരുന്നു.
∙ ഇപ്പോൾ സീ പ്ലെയ്ൻ ഒക്കെ വരുന്നു. കേരളത്തിലോ കേരളവുമായി ബന്ധപ്പെട്ടോ എന്തെങ്കിലും നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?
എന്താണെങ്കിലും കുറച്ചുകാലത്തേക്ക് കേരളത്തിൽ വ്യോമയാന മേഖലയിലോ ഒന്നും നിക്ഷേപകാര്യങ്ങൾ ആലോചിക്കുന്നതേ ഇല്ല. നമ്മുടെ അനുഭവത്തിൽ നിന്നുള്ളതാണ് അത്. നമ്മൾ റിസ്ക് എടുക്കുമ്പോൾ ചിലപ്പോൾ പണം നേടും, ചിലപ്പോൾ നഷ്ടപ്പെടും, അത് ഇതിന്റെ ഭാഗമാണ്. പക്ഷേ ബ്യൂറോക്രസിയുടെ മനഃസ്ഥിതി, കേന്ദ്രത്തിലാണെങ്കിൽ ഡിജിസിഐയുടെ, പലർക്കും ഇതൊന്നും അറിയില്ല, അവർക്ക് അത് നടപ്പാക്കണമെന്നും ഉണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയാകുമ്പോൾ മനഃസമാധാനം പോകുന്നത് നമ്മുടെയാണ്.
∙ രാഷ്ട്രീയ നേതൃത്വങ്ങളുമായൊക്കെ ഇടപെട്ടപ്പോൾ മെച്ചപ്പെട്ട സമീപനമായിരുന്നു ഉണ്ടായത് എന്നും കേട്ടു.
ശരിയാണ്. രണ്ടു മുഖ്യമന്ത്രിമാരും –ഉമ്മൻ ചാണ്ടിയും പിണറായി വിജയനും – വളരെ പോസീറ്റീവായിരുന്നു. അവരുടെ മുന്നിൽ ഇതുപോലെ ഒട്ടേറെ പദ്ധതികൾ വരാറുണ്ടാകും. അതിൽ ചിലത് നടപ്പാക്കണമെന്ന് തോന്നുന്നത് അവർ അടുത്ത ആളിലേക്ക് കൈമാറും. അവിടെ നിന്ന് കാര്യങ്ങൾ മുന്നോട്ടു പോകണമെങ്കിൽ നമുക്ക് അവിടെ ആക്സസ് ഉണ്ടായിരിക്കണം. ഒരു ഉദ്യോഗസ്ഥൻ എന്നോട് വെട്ടിത്തുറന്നു ചോദിച്ചിട്ടുണ്ട്, ‘നിങ്ങൾ എത്ര തവണ സിഎമ്മിനെക്കൊണ്ട് എന്നെ വിളിപ്പിക്കും എന്ന്’. എത്ര പറ്റും നമുക്ക്? 1 തവണ അല്ലെങ്കിൽ 2 തവണ. അത് അവർക്കറിയാം.