‘മോദി വന്നിട്ടും ഒന്നും ചെയ്തില്ല; ആരുടെ സഹായമില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും’
Mail This Article
ആലപ്പുഴ ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു ധനസഹായം വൈകുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫും യുഡിഎഫും 19ന് ഹര്‍ത്താൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണു വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എത്തിയിട്ടും വയനാടിന് ഇതുവരെയും യാതൊരു സഹായവും ചെയ്തില്ല. ആരുടെ സഹായമില്ലെങ്കിലും വയനാട് ദുരന്തമേഖലയിലുള്ളവരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘‘ഇനിയൊരു പ്രകൃതിദുരന്തവും ബാധിക്കാത്ത തരത്തിൽ ടൗൺഷിപ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണു പുരോഗമിക്കുന്നത്. ഒട്ടേറെ വികസനങ്ങളാണു കേരളത്തിൽ നടക്കുന്നത്. 2016ലെ കേരളമല്ല 2026ൽ ഉണ്ടാവുക. എന്നാൽ എൽഡിഎഫിനും സർക്കാരിനും എതിരെ നട്ടാൽ കിളിർക്കാത്ത നുണകളാണു ചില വിവാദ പണ്ഡിതർ നടത്തുന്നത്. ജനം അവരുടെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുന്നത് എന്നതിന്റെ തെളിവാണു കഴിഞ്ഞ നിയമസഭാ വിജയം’’– മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) ബാക്കിയുണ്ടെന്നാണു ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്. 2024 ഏപ്രിൽ 1 വരെ 394 കോടി രൂപ എസ്ഡിആർഎഫിൽ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കത്തു നൽകി 3 മാസം കഴിഞ്ഞും വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്.