‘എന്തെല്ലാം കഥകളുണ്ടാക്കി? പുസ്തകം എഴുതിത്തീർന്നിട്ടില്ല, വിവാദവുമില്ല’: ഇ.പിയെ പിന്തുണച്ച് മുഖ്യമന്ത്രി
Mail This Article
കഞ്ഞിക്കുഴി (ആലപ്പുഴ) ∙ ‘ആത്മകഥാ’ വിവാദത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് എന്തെല്ലാം കഥകളാണുണ്ടാക്കിയത്. പുസ്തകം എഴുതി തീർന്നിട്ടില്ലെന്നും ഇപ്പോൾ വിവാദപരമായ കാര്യങ്ങൾ തന്റെ പുസ്തകത്തിൽ ഇല്ലാത്തതാണെന്നും ജയരാജൻ പറഞ്ഞുകഴിഞ്ഞു.’’– മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘‘അടുത്ത വർഷം നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഉണ്ടാവില്ല. നിലവിൽ ഇതേ വിഭാഗത്തിലെന്നു കണ്ടെത്തിയ 64,006 കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ്. പ്രതിമാസം 1600 രൂപ നിരക്കിൽ 60 ലക്ഷം പേർക്കാണ് ഇപ്പോൾ ക്ഷേമപെൻഷൻ നൽകുന്നത്. പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിനു രൂപീകരിച്ച കമ്പനിയുടെ വായ്പയും സർക്കാർ വായ്പയുടെ പരിധിയിൽ ഉൾപ്പെടുത്തി പദ്ധതിയെ തകർക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. അനുഭവങ്ങളിൽനിന്നു പാഠം പഠിക്കാത്ത പാർട്ടിയാണു കോൺഗ്രസ്. ബിജെപിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് പ്രായോഗികമല്ല.’’– മുഖ്യമന്ത്രി പറഞ്ഞു.
‘ആത്മകഥാ’ വിവാദത്തില്‍ ഇ.പി.ജയരാജനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ‘‘ഇ.പി പറഞ്ഞതു പൂര്‍ണമായി പാര്‍ട്ടി വിശ്വസിക്കുകയാണ്. വിവാദം പാര്‍ട്ടി പൂര്‍ണമായി തള്ളുന്നു. പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ല. ഇ.പിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ല. വിവാദം ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല’’– ഗോവിന്ദൻ പറഞ്ഞു.