ശബരിമല നട തുറന്നു, പുതിയ മേൽശാന്തിമാർ ചുമതലയേറ്റു; ഇനി ശരണമന്ത്രത്തിന്റെ നാളുകൾ
Mail This Article
ശബരിമല ∙ ശബരീശന്റെ നട തുറന്നു; വീണ്ടും മണ്ഡലകാലം. ശബരിമലയിൽ പുതിയ മേൽശാന്തിമാർ ചുമതലയേറ്റു. എസ്.അരുൺ കുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരെ സ്ഥാനമൊഴിഞ്ഞ മേൽശാന്തി പി.എൻ.മഹേഷ് കൈപിടിച്ചു പതിനെട്ടാംപടി കയറ്റി. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാലിനാണു മേൽശാന്തി പി.എൻ.മഹേഷ് നട തുറന്നത്.
തിരക്ക് ഒഴിവാക്കാനായി ഒരു മണിക്കൂർ നേരത്തെ നട തുറക്കുകയായിരുന്നു. സാധാരണ വൈകിട്ട് 5 മണിക്കാണു നടതുറപ്പ്. 30,000 പേരാണു വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളത്. കൂടാതെ സ്പോട്ട് ബുക്കിങ്ങുമുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിൽനിന്നു സന്നിധാനത്തേക്കു ഭക്തരെ കയറ്റിവിട്ടിരുന്നു. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിങ് പൂർണമായും നിറഞ്ഞു. ശനിയാഴ്ച പുലർച്ചെ 3ന് പുതിയ മേൽശാന്തി നട തുറക്കുന്നതോടെ മണ്ഡലകാല പൂജകൾക്കു തുടക്കമാകും.
വരുംദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകിട്ട് മൂന്നിന് വീണ്ടും തുറന്നശേഷം രാത്രി 11ന് അടയ്ക്കും. ദിവസവും രാവിലെ 3.30 മുതൽ നെയ്യഭിഷേകം. ഉഷഃപൂജ രാവിലെ 7.30നും ഉച്ചപൂജ 12.30നും നടക്കും. വൈകിട്ട് 6.30നാണു ദീപാരാധന. രാത്രി 9.30ന് അത്താഴപൂജയ്ക്ക് ശേഷം 11ന് ഹരിവരാസനം പാടിയാണു നട അടയ്ക്കുക. തീർഥാടകരുടെ തിരക്ക് പരിഗണിച്ച് 18 മണിക്കൂർ ദർശന സൗകര്യം ലഭ്യമാക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി 70,000, സ്പോട് ബുക്കിങ്ങിലൂടെ 10,000 പേര്‍ക്കുമാണു പ്രതിദിനം ദർശനത്തിനു സൗകര്യമുള്ളത്.