ADVERTISEMENT

കൊച്ചി∙ വയനാട് മുണ്ടക്കൈ–ചൂരമൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഇക്കാര്യങ്ങൾ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും ആ സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിൽ ആവശ്യത്തിനു തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ഇന്ന് ആവർത്തിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തെ കുറിച്ചുള്ള കേന്ദ്ര നിലപാട് ചര്‍ച്ചയാകുന്നതിനിടെയായിരുന്നു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുടെ പ്രത്യേക ബെഞ്ച് വിഷയം പരിഗണിച്ചത്. 

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയ്ക്കുള്ള സഹായ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് അയച്ച കത്ത് സംസ്ഥാന സർക്കാർ ഇന്നു കോടതിയിൽ ഹാജരാക്കി. പ്രത്യേക സാമ്പത്തിക സഹായമില്ല എന്നു തന്നെയാണ് കത്തു വായിച്ചാൽ മനസ്സിലാകുക എന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക സാമ്പത്തിക സഹായം നൽകില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യത്തിൽ കഴിയുന്നത്ര വേഗത്തിൽ തീരുമാനമെടുക്കുന്നതിൽ കേന്ദ്ര സർക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു. പുനരധിവാസമടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതു പോലുള്ള കാര്യങ്ങൾ അറിയണമെങ്കിൽ ദുരന്തം ഏതു വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത് എന്ന് വ്യക്തമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

ജൂലൈ 30ന് ദുരന്തമുണ്ടായി, ഓഗസ്റ്റ് 8ന് കേന്ദ്ര സംഘം സ്ഥലം സന്ദര്‍ശിച്ചതാണെന്ന് സംസ്ഥാന സർക്കാരും ചൂണ്ടിക്കാട്ടി. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതു പോലുള്ള കാര്യങ്ങളടക്കം ചെയ്യേണ്ടതുണ്ട്. കേന്ദ്രം അയച്ച കത്തു വായിച്ചാൽ മനസിലാകുന്നത് പ്രത്യേക സഹായമില്ല, സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടു (എസ്ഡിആർഎഫ്) കൊണ്ട് കാര്യങ്ങൾ നടത്തണം എന്നാണ് എന്നും സംസ്ഥാന സർക്കാർ പറഞ്ഞു. തുടർന്നാണ് ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. 

മുൻപ് കേസ് പരിഗണിച്ചപ്പോൾ ദുരന്ത പ്രതികരണ ഫണ്ടിലേക്ക് ഇത്തവണ 291.2 കോടി രൂപ നൽകിയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതിനൊപ്പം കഴിഞ്ഞ വർഷത്തെ ഫണ്ടിൽ ബാക്കിയുള്ള തുക കൂടി ചേർത്ത് 782.99 കോടി രൂപ ഉണ്ടെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നും 251 പേർ മരിക്കുകയും 47 പേർ ഇപ്പോഴും കാണാതാവുകയും ചെയ്ത ഒരു ദുരന്തത്തിൽ ഒരുവിധത്തിലുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്ര സർക്കാർ നൽകിയിട്ടില്ലെന്നതാണ് പറയുന്നതെന്നു കേരളം ചൂണ്ടിക്കാട്ടി. വയനാട്ടിലുണ്ടായ ദുരന്തത്തെ ‘തീവ്ര വിഭാഗ’ത്തിൽ ഉൾപ്പെടുത്തുക, ദുരന്തത്തിന് ഇരയായവരുടെ വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, വീട് വായ്പ ഉൾപ്പെടെയുള്ള വായ്പകള്‍ എഴുതിത്തള്ളുക, എത്രയും വേഗം അധിക ദുരിതാശ്വാസ സഹായം നൽകിയാൽ മാത്രമേ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയൂ എന്നിങ്ങനെ 3 ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിനു മുന്നിൽ വച്ചിരിക്കുന്നത്.

English Summary:

Wayanad Landslide: Central Government to Decide on Financial Aid This Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com