വിഷപ്പുകയിൽ മുങ്ങി ഡൽഹി: അഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ്; നിയന്ത്രണങ്ങൾ കർശനം
Mail This Article
ന്യൂഡൽഹി∙ വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) റിപ്പോര്‍ട്ട് പ്രകാരം വായുഗുണനിലവാര സൂചിക (എക്യുഐ) 409ല്‍ എത്തി. നഗരം മുഴുവന്‍ പുക മൂടിയ നിലയില്‍ തുടരുകയാണ്. ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്‌റ്റേഷനുകളില്‍ 21 എണ്ണം ഗുരുതരമായ എക്യുഐ രേഖപ്പെടുത്തി. നാലെണ്ണം സിവിയര്‍ പ്ലസ് ആയും തിരിച്ചിട്ടുണ്ട്. ജഹാംഗീര്‍പുരി, ബവാന, വാസിര്‍പൂര്‍, രോഹിണി എന്നിവിടങ്ങളില്‍ യഥാക്രമം 458, 455, 455, 452 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക.
മലിനീകരണം രൂക്ഷമായതിനാല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈനാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. വായുമലിനീകരണത്തെ നേരിടാൻ ഏർപ്പെടുത്തിയ മറ്റു നിയന്ത്രണങ്ങളും നിലവിൽ വന്നു.
എല്ലാ അന്തര്‍ സംസ്ഥാന ബസുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണം-പൊളിക്കല്‍ പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ഖനനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രധാന റോഡുകളില്‍ ദിവസേന വെള്ളം തളിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വാഹനങ്ങളില്‍നിന്നുള്ള പുക, ഫാം ഫയര്‍, കാറ്റിന്റെ വേഗത കുറഞ്ഞതുള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും മലിനീകരണതോത് വര്‍ധിപ്പിച്ചത്. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിയുന്നത്രയും വീടുകൾക്ക് ഉള്ളിൽ കഴിയാനാണ് ഡോക്ടർമാർ നൽകുന്ന നിർദേശം. വായുഗുണനിലവാരം മോശമാകുന്ന രാവിലെയും വൈകിട്ടും പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങള്‍ കുറയ്ക്കാനാണ് ഡോക്ടർമാർ നൽകുന്ന നിർദേശം.