മാറിനിന്ന് അജിത്, മറനീക്കി ഭിന്നത; മോദിയുടെ റാലിക്ക് എൻസിപി നേതാക്കളും സ്ഥാനാർഥികളുമില്ല
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശിവാജി പാർക്കിൽ നടന്ന വൻ റാലിയിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കമുള്ള എൻസിപി നേതാക്കൾ വിട്ടുനിന്നതോടെ എൻഡിഎക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു. നഗരത്തിലെ എൻസിപി സ്ഥാനാർഥികളായ നവാബ് മാലിക്, ഷീസാൻ സിദ്ദിഖി, സന മാലിക് എന്നിവരും സമ്മേളനത്തിന് എത്തിയില്ല. ന്യൂനപക്ഷ വോട്ടുകൾ എതിരാകുമെന്ന ഭയം മൂലം, ബാരാമതിയിലേക്ക് എൻഡിഎ താരപ്രചാരകരായ നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവർ വരേണ്ടതില്ല എന്ന് അജിത് പവാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
എൻസിപി (അജിത്) സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽനിന്നും മോദിയെ ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. ബിജെപി പ്രചാരണ ബോർഡുകളിൽ പലതിലും അജിത് പവാറുമില്ല. അശോക് ചവാന്റെ മകൾ മത്സരിക്കുന്ന ഭോകർ മണ്ഡലത്തിലും മോദിയുടെ ചിത്രം ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതേസമയം ന്യൂനപക്ഷ വോട്ടുകൾ എൻഡിഎ പോക്കറ്റിലെത്തിക്കാനുള്ള മുന്നണിയുടെ ആസൂത്രിതമായ നീക്കമാണിതെന്ന വിലയിരുത്തലുമുണ്ട്.
പ്രചാരണവിഷയത്തിൽ ഭിന്നത
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണവിഷയത്തെച്ചൊല്ലി എൻഡിഎക്കുള്ളിൽ ഭിന്നത രൂക്ഷമാവുകയാണ്. വർഗീയ വിഭജനം ലക്ഷ്യംവച്ച് നരേന്ദ്ര മോദി, അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുയർത്തുന്ന വിദ്വേഷ മുദ്രാവാക്യങ്ങൾക്കെതിരെയാണ് മുന്നണിക്കുള്ളിൽ അതൃപ്തി പടരുന്നത്. ഹൈന്ദവരെല്ലാം ബിജെപിക്കു കീഴിൽ ഒന്നിച്ചുനിൽക്കണം എന്നർഥം വരുന്ന ‘ബട്ടേങ്കേ തോ കട്ടേങ്കേ’ (ഭിന്നിച്ചാൽ തകരും), വോട്ടുജിഹാദിന് പകരം ധർമയുദ്ധം, വഖഫിന്റെ പേരിൽ മുസ്‌ലിംകൾ ഭൂമി പിടിച്ചടക്കാൻ ശ്രമിക്കുന്നു, മുസ്‌ലിം സംവരണം നടപ്പാക്കില്ല തുടങ്ങിയ പരാമർശങ്ങളാണ് നേതാക്കൾ തുടർച്ചയായി ഉപയോഗിക്കുന്നത്.
വിദ്വേഷ പരാമർശങ്ങൾ ജനങ്ങൾ സ്വീകരിക്കില്ലെന്നും ഇത് മുന്നണിക്ക് തിരിച്ചടിയാകുമെന്നും അജിത് പവാർ, ഷിൻഡെ വിഭാഗം നേതാക്കൾ, എൻസിപി (അജിത്) നേതാവും മുൻ മന്ത്രിയുമായ നവാബ് മാലിക് തുടങ്ങിയവർ വ്യക്തമാക്കിയിരുന്നു. മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ അശോക് ചവാൻ, ബിജെപി ദേശീയ സെക്രട്ടറിയും നിയമസഭാ കൗൺസിൽ അംഗവുമായ പങ്കജ മുണ്ഡെ എന്നിവരും ഇത്തരം പ്രയോഗങ്ങളോട് വിയോജിച്ചു.