ADVERTISEMENT

മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിയ വൻ റാലിയിൽ നിന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾ വിട്ടുനിന്നതോടെ എൻഡിഎ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നു. എൻസിപി സ്ഥാനാർഥികളായ നവാബ് മാലിക്, സീഷാൻ സിദ്ദിഖി, സന മാലിക് എന്നിവരും റാലിയിൽ പങ്കെടുത്തിരുന്നില്ല. 

ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയം മൂലം നരേന്ദ്രമോദി, അമിത്ഷാ എന്നിവർ ബാരാമതിയിലേക്കു വരേണ്ടതില്ലെന്ന് അജിത് പവാർ നേരത്തേതന്നെ നിലപാട് എടുത്തിരുന്നു. പ്രചാരണ ബോർഡുകളിൽ നിന്ന് മോദിയെ ഒഴിവാക്കാനും പാർട്ടി ശ്രമിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രചാരണ ബോർഡുകളിൽ അജിത് പവാറിനും സ്ഥാനം കൊടുത്തിട്ടില്ല. ബിജെപി നേതാക്കളിൽ നിന്ന് അകലം പാലിക്കാൻ കോൺഗ്രസ് വിട്ടെത്തിയ അശോക് ചവാൻ, പങ്കജ മുണ്ടെ എന്നിവരും ശ്രമിക്കുന്നുണ്ട്. 

വർഗീയ വിഭജനം ലക്ഷ്യമാക്കി മോദി, അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ നടത്തുന്ന പ്രചാരണത്തിലും മുന്നണിയിൽ അതൃപ്തിയുണ്ട്. ഹിന്ദുക്കൾ ഭിന്നിച്ചാൽ തകരും, വോട്ട് ജിഹാദിന് പകരം ധർമയുദ്ധം, വഖഫിന്റെ പേരിൽ മുസ്‌ലിംകൾ ഭൂമി പിടിച്ചടക്കാൻ ശ്രമിക്കുന്നു തുടങ്ങിയ വിഷയങ്ങൾ ആളിക്കത്തിക്കാൻ ബിജെപി ശ്രമിക്കുന്നതാണ് സഖ്യനേതാക്കളുടെ അകൽച്ചയ്ക്ക് കാരണം. 

അദാനിയെ തള്ളി, വസതി വിടാതെ അജിത് പവാർ 

മുംബൈ∙ 2019ൽ ബിജെപി സഖ്യത്തിൽ സർക്കാർ രൂപീകരിക്കാൻ നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ വ്യവസായി ഗൗതം അദാനി പങ്കെടുത്തില്ലെന്ന് അജിത് പവാർ. ബിജെപി–അദാനി ബന്ധം പ്രതിപക്ഷം മൂർച്ചയേറിയ ആയുധമാക്കിയതോടെയാണ് അദ്ദേഹം മലക്കം മറിഞ്ഞത്. ഡൽഹിയിലെ അദാനിയുടെ വസതിയിലാണു യോഗം നടന്നതെന്നും ആവർത്തിച്ചു.

English Summary:

Ajit Pawar and NCP Leaders Skip Narendra Modi's Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com