കര്‍ണാടക കേന്ദ്രസഹായം വാങ്ങിയെടുത്തത് സുപ്രീം കോടതി കയറി; കിട്ടിയത് നാലിലൊന്നു മാത്രം
Mail This Article
തിരുവനന്തപുരം∙ വയനാടിനു പ്രത്യേക സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനത്തു വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം കേന്ദ്രത്തില്‍നിന്ന് എന്‍ഡിആര്‍എഫ് വരള്‍ച്ചാസഹായം നേടിയെടുത്തത് സുപ്രീംകോടതി കയറി. അതിശക്തമായ നിയമപോരാട്ടത്തിനൊടുവില്‍ കേന്ദ്രം നല്‍കിയതാകട്ടെ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ നാലിലൊന്നു മാത്രം. ബിജെപി ഇതര സര്‍ക്കാരുകളോടു കേന്ദ്രം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ അനുഭവവും. വയനാടിന്റെ കാര്യത്തില്‍ കേന്ദ്രം ഇതേ നിലപാടു തുടരുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ തന്നെ ശരണം പ്രാപിക്കേണ്ടിവരും.
2023 സെപ്റ്റംബറില്‍ വരള്‍ച്ച നേരിടാനായി 18,174 കോടി രൂപയാണ് കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2024 ഏപ്രിലില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പു നടക്കുമ്പോഴാണ് കേന്ദ്രം 3,454 കോടി രൂപ അനുവദിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡയും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വരള്‍ച്ച മൂലം കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ 5,662 കോടി രൂപ ഉള്‍പ്പെടെയാണ് 18,174 കോടി രൂപ 2023 സെപ്റ്റംബറില്‍ കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടത്. തുക നല്‍കാന്‍ വൈകിയതോടെ കേന്ദ്രവും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള പോര് ആരംഭിച്ചു. അടിയന്തരസഹായം നല്‍കുന്നതില്‍ കേന്ദ്രം അലംഭാവം കാട്ടുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു. വയനാടിന്റെ വിഷയത്തില്‍ കേരളത്തോടു പറഞ്ഞതു പോലെ തന്നെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ആവശ്യത്തിനു പണമുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. പ്രകോപിതരായ കര്‍ണാടക സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. വിഷയം പഠിക്കാന്‍ കര്‍ണാടക സന്ദര്‍ശിച്ച കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കണമെന്ന കോടതി നിര്‍ദേശത്ത തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിടരമണി റിപ്പോര്‍ട്ട് നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് കോടതി ശക്തമായി ഇടപെട്ടതോടെയാണ് കേന്ദ്രം 3,454 കോടി രൂപ അനുവദിക്കാന്‍ തയാറായത്.
വരള്‍ച്ചാ സഹായം പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടി ഭരണഘടനയുടെ 14, 21 വകുപ്പുകള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കു നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയാണെന്നാണ് കര്‍ണാടകസര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടി ഒരു മാസത്തിനുള്ളില്‍ ധനസഹായം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കണമെന്ന മാനദണ്ഡം കേന്ദ്രം ലംഘിച്ചുവെന്നും കര്‍ണാടക ചൂണ്ടിക്കാട്ടി. 2023 ഒക്‌ടോബറില്‍ കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും സഹായം നല്‍കാതെ കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു. എന്‍ഡിആര്‍എഫ് മാനദണ്ഡപ്രകാരം 18,171 കോടി രൂപ കേന്ദ്രം നല്‍കേണ്ടതായിരുന്നുവെന്നും എന്നാല്‍ 3,454 കോടി മാത്രമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. സുപ്രീംകോടതി ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ് അത്രയും പണമെങ്കിലും കിട്ടിയതെന്നും ബാക്കി പണം ലഭിക്കാനുളള നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.