ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം പിടിച്ച് കോൺഗ്രസ് വിമത മുന്നണി; മുഴുവൻ സീറ്റിലും വിജയം
Mail This Article
കോഴിക്കോട് ∙ ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് വിമത മുന്നണിക്ക്. 11 സീറ്റുകളിലേക്കായിരുന്നു മത്സരം നടന്നത്. മുഴുവൻ സീറ്റുകളിലും വിമത മുന്നണി വിജയിച്ചു. വിജയിച്ചവരിൽ 7 പേർ കോൺഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്. ഡിസിസിയുടെ പാനലിനെതിരെ സിപിഎം പിന്തുണയോടെയാണ് വിമതർ മത്സരിച്ചത്. ബൂത്ത് നമ്പർ 21, 22, 23 എന്നിവിടങ്ങളിലെ വോട്ടുകൾ എണ്ണിയില്ല. ഹൈക്കോടതി നിർദേശമുള്ളതിനാലാണ് ഇത് എണ്ണാതെ മാറ്റിവച്ചത്.
നിലവിലെ ബാങ്ക് പ്രസിഡന്റ് ജി.സി.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ചേവായൂർ ബാങ്ക് സഹകരണ ജനാധിപത്യ സംരക്ഷണ സമിതിയുടെ പാനൽ, കോൺഗ്രസ് പാനൽ, 8 ബിജെപി സ്ഥാനാർഥികൾ, ഒരു സ്വതന്ത്രൻ എന്നിങ്ങനെ 31 പേർ മത്സര രംഗത്തുണ്ടായിരുന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയായിരുന്നു വോട്ടെടുപ്പ്. ബാങ്കിൽ ഏകദേശം 33000 വോട്ടർമാരുണ്ട്. ഹൈക്കോടതി നിർദേശ പ്രകാരം വോട്ടെടുപ്പും വോട്ടെണ്ണലും വിഡിയോ ചിത്രീകരണം നടത്തിയിരുന്നു.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ജില്ലയിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6വരെയാണ് ഹർത്താൽ. തിരഞ്ഞെടുപ്പിനിടെ ശനിയാഴ്ച രാവിലെയാണ് സംഘർഷമുണ്ടായത്. വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങൾക്കുനേരെ അക്രമം നടന്നു.