ADVERTISEMENT

കൊച്ചി ∙ ആലപ്പുഴ പൊലീസ് കുണ്ടന്നൂരിൽ നിന്നു പിടികൂടിയ കുറുവ സംഘാംഗമെന്നു സംശയിക്കുന്ന പ്രതി വിലങ്ങുമായി പൊലീസിനെ വെട്ടിച്ചു കടന്നു. പൊലീസും അഗ്നിരക്ഷാസേനയും കായലും കരയും അരിച്ചുപെറുക്കി നടത്തിയ നാലര മണിക്കൂർ തിരച്ചിലിനൊടുവിൽ പ്രതിയെ അതിസാഹസികമായി പിടികൂടി. മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവനാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ ജീപ്പിൽ നിന്ന് ഇറങ്ങിയോടിയത്.

കുണ്ടന്നൂർ മേൽപാലത്തിനു താഴെ സ്ലിപ് റോഡിൽ ഇന്നലെ വൈകിട്ട് 6.15ന് ആയിരുന്നു സംഭവം. ഏതാനും ദിവസമായി ആലപ്പുഴയിൽ നടക്കുന്ന കുറുവ മോഡൽ മോഷണങ്ങളിലെ പ്രതി കുണ്ടന്നൂർ പാലത്തിനു താഴെ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണു മണ്ണഞ്ചേരിയിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയത്. പാലത്തിനു താഴെ കായലിനോടു ചേർന്നുള്ള ഭാഗത്തു തമ്പടിച്ചിരുന്ന തമിഴ്നാട് സ്വദേശികളുടെ സംഘത്തെ പരിശോധിക്കുന്നതിനിടെയാണു സന്തോഷിനെ കണ്ടെത്തിയത്. താൽക്കാലിക ടെന്റിനുള്ളിൽ തറയിൽ കുഴിയെടുത്ത് അതിനുള്ളിൽ ചുരുണ്ടുകൂടി കിടന്ന ശേഷം ടാർപോളിൻ കൊണ്ടു മൂടി ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ടെന്റിൽ ആയുധങ്ങളും സൂക്ഷിച്ചിരുന്നു.

പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെയും ഒപ്പമുണ്ടായിരുന്ന മണികണ്ഠൻ എന്നയാളെയും പിടികൂടി വിലങ്ങു വച്ചു ജീപ്പിൽ കയറ്റുന്നതിനിടെ സംഘത്തിലെ സ്ത്രീകൾ അക്രമാസക്തരായി പൊലീസ് ജീപ്പ് വളഞ്ഞു. ഇവർ പൊലീസിനോടു കയർക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വനിതാ പൊലീസ് ഇല്ലാത്തതിനാൽ സ്ത്രീകളെ പ്രതിരോധിക്കാൻ പൊലീസിനായില്ല. ഈ ബഹളത്തിനിടെ സന്തോഷ് ശെൽവൻ വസ്ത്രങ്ങൾ ഊരിയെറിഞ്ഞ ശേഷം, കായലോരത്ത് ഉയരത്തിൽ കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്ന ചതുപ്പു പ്രദേശത്തേക്ക് ഓടി മറയുകയായിരുന്നു. ഇതോടെ, മണ്ണഞ്ചേരി പൊലീസ് കൊച്ചി സിറ്റി പൊലീസിനെ വിവരം അറിയിച്ചു. എഴുപത്തഞ്ചോളം പേരടങ്ങുന്ന പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി വ്യാപക തിരച്ചിൽ ആരംഭിച്ചു.

റെയിൽവേ പൊലീസിനെയും ആർപിഎഫിനെയും വിവരമറിയിച്ചു റെയിൽവേ ട്രാക്കിനു സമീപവും പരിശോധന നടത്തി. കായലോരത്തെ കലുങ്കിനു താഴെ വെള്ളത്തിലിറങ്ങി ഒളിച്ചിരുന്ന പ്രതിയെ രാത്രി പൊലീസ് പിടികൂടി. ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബു, എറണാകുളം എസിപി പി. രാജ്കുമാർ എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിൽ എത്തിച്ച സന്തോഷ് ശെൽവത്തെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.

English Summary:

Kuruva Gang Member Makes Daring Escape from Police Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com