2 ദിവസം മുൻപേ ധാരണ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസിന്റെ ഷോക്ക്: അതീവ രഹസ്യം ‘ഓപ്പറേഷൻ സന്ദീപ്’
Mail This Article
തിരുവനന്തപുരം∙ ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാരിയറെ കൈപിടിച്ച് കോണ്‍ഗ്രസിലേക്കു സ്വീകരിക്കാന്‍ രണ്ടു ദിവസം മുന്‍പ് തന്നെ അന്തിമധാരണ എത്തിയിരുന്നുവെന്നാണു സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പില്‍ വലിയ ട്വിസ്റ്റായി സന്ദീപിന്റെ കൂടുമാറ്റം പ്രഖ്യാപിച്ച് മറ്റു മുന്നണികള്‍ക്കു ഷോക്ക് നല്കാന് വേണ്ടി കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. രഥോല്‍സവം കൂടി കഴിഞ്ഞു മതി പ്രഖ്യാപനം എന്നായിരുന്നു തീരുമാനം. ഇതിനിടെ ഹൈക്കമാന്‍ഡിന്റെ അനുമതി കൂടി ലഭിച്ചതോടെ പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 20നാണ് പാലക്കാട്ട് വോട്ടെടുപ്പ് നടക്കുന്നത്.
പി.സരിന്റെ അപ്രതീക്ഷിത ചുവടുമാറ്റവും പിന്നീടു വന്ന പെട്ടി വിവാദവും മറികടക്കാന്‍ ബിജെപിയുടെ കരുത്തനായ നേതാവിനെ ഒപ്പം ചേര്‍ക്കുന്നതിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സന്ദീപ് ബിജെപി വിട്ട് സിപിഎമ്മിലേക്കു പോകുന്നുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സന്ദീപ് തന്നെ ഇതു നിഷേധിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ പി.സരിനു പിന്നാലെ ബിജെപി വിട്ട് എത്തുന്ന സന്ദീപിനെ കൂടി സ്വീകരിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ അതൃപ്തി ഉയര്‍ന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് അതീവരഹസ്യമായി ഓപ്പറേഷന് ആരംഭിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് സൂചന. പാലക്കാട്ട് പല നേതാക്കന്മാരും പാര്‍ട്ടി വിട്ടു പോകുന്നതിനിടെയാണ് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ചുള്ള കോണ്‍ഗ്രസിന്റെ മിന്നല്‍ നീക്കം.