‘ബിജെപി വിടാനുള്ള കാരണം സുരേന്ദ്രൻ; സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കുന്നു’
Mail This Article
പാലക്കാട്∙ താൻ കോൺഗ്രസിലേക്ക് വരാനുള്ള കാരണത്തിന് പിന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സംഘവുമാണെന്നു മുൻ ബിജെപി നേതാവ് സന്ദീപ് വാരിയർ. രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധങ്ങളും മാനവിക അടുപ്പങ്ങളും നിലനിൽക്കണമെന്നാണ് എക്കാലത്തും ആഗ്രഹിച്ചിട്ടുള്ളതെന്നും സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് പറഞ്ഞു. കെപിസിസി നേതൃത്വം പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിനിലാണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കിയത്.
സന്ദീപ് വാരിയറുടെ വാക്കുകൾ
എന്തിനാണ് ഒരു സംഘടനയിൽ പ്രവർത്തിക്കുന്നത്? സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ താങ്ങ് നമ്മൾ പ്രതീക്ഷിക്കും. എല്ലായിപ്പോഴും വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന സംഘടനയിൽനിന്നു പിന്തുണയും സ്നേഹവും പ്രതീക്ഷിച്ചതാണു ഞാൻ ചെയ്ത തെറ്റ്. കെ.സുരേന്ദ്രനും സംഘവുമാണ് ഞാൻ കോൺഗ്രസിലേക്കു വരാനുള്ള ഏക കാരണം. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകൾ കണ്ടു മടുത്താണു പാർട്ടി മാറുന്നത്. കരുവന്നൂർ തട്ടിപ്പ് എതിർത്തതിനാണു എന്നെ ബിജെപി ഒറ്റപ്പെടുത്തിയത്. സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കാനാണ് എന്റെ തീരുമാനം. ഇത്രയും കാലം ബിജെപിയിൽ പ്രവർത്തിച്ചതിൽ ജാള്യത തോന്നുന്നു.
ശ്രീനിവാസൻ വധക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട 17 പ്രതികൾക്കു ജാമ്യം കിട്ടിയത് എങ്ങനെയാണെന്നു ബിജെപി നേതൃത്വം മറുപടി പറയണം. ബലിദാനിയായ ശ്രീനിവാസനുവേണ്ടി എന്താണു മികച്ച അഭിഭാഷകനെ ഹാജരാക്കാതിരുന്നത്? ആരാണതിനു പിന്നിൽ കളിച്ചത്? ബലിദാനികളെ ഒറ്റിക്കൊടുത്തത് ഞാനല്ല, നിങ്ങളുടെ കൂട്ടത്തിലാണെന്നു ബിജെപി അണികൾ അറിയണം.
ഒറ്റുകാരന്റെ വിശേഷണം ചേരുന്നതു ബിജെപി നേതൃത്വത്തിനാണ്, എനിക്കല്ല. ബിജെപി പ്രവർത്തകർ ചോദ്യം ചെയ്യേണ്ടതു പാർട്ടി നേതൃത്വത്തെയാണ്, എന്നെയല്ല. വിദ്വേഷത്തിന്റെ ക്യാംപിൽനിന്നു പുറത്തുവന്നതിന്റെ സന്തോഷത്തിലാണു ഞാൻ. എന്നെ കോൺഗ്രസിലേക്കു സ്വീകരിച്ച നേതാക്കൾക്കു നന്ദി. ഇനി കോൺഗ്രസുകാരനായി പ്രവർത്തിക്കും. കോൺഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയിൽ ജനിച്ചുവീഴുന്ന എല്ലാ കുട്ടികളുെടയും ഡിഎൻഎയിൽ കോൺഗ്രസിന്റെ ആശയമുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണു ഞാൻ.